---
title: "മൂന്നാം വിജയവുമായി രാജസ്ഥാൻ; മൂന്നും തോറ്റ് മുംബൈ"
english_title: "Rr mi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196135/rr-mi"
published_at: "2024-04-01T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660af0fa4a2ca_n59662715817119929228480d1c42d930617eaca7debdac3153d0f35ba5dbddb8ec59f26813711bc01098a3.jpg"
keywords: []
---

# മൂന്നാം വിജയവുമായി രാജസ്ഥാൻ; മൂന്നും തോറ്റ് മുംബൈ

> **Lead Summary:** ഇന്ത്യൻ പ്രീമിയർ ലീഗില്‍ തുടർച്ചയായ മൂന്നാം വിജയവുമായി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയല്‍സ്. ഇന്ന് മുംബൈ ഉയർത്തിയ 126 എന്ന വിജയ ലക്ഷ്യം 16ആം ഓവറിലേക്ക് വെറും 4 വിക്കറ്റ് നഷ്ടത്തില്‍ പിന്തുടരാൻ രാജസ്ഥാൻ റോയല്‍സിനായി. തുടക്കത്തില്‍ പതറിയെങ്കിലും ലക്ഷ്യത്തില്‍ എത്താൻ രാജസ്ഥാനായി. റിയാൻ പരാഗിന്റെ പക്വതയാർന്ന ബാറ്റിങ് ആണ് അവർക്ക് സഹായനായത്. ഈ വിജയത്തോടെ രാജസ്ഥാൻ പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തി.

## Article Content

ഇന്ത്യൻ പ്രീമിയർ ലീഗില്‍ തുടർച്ചയായ മൂന്നാം വിജയവുമായി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയല്‍സ്. ഇന്ന് മുംബൈ ഉയർത്തിയ 126 എന്ന വിജയ ലക്ഷ്യം 16ആം ഓവറിലേക്ക് വെറും 4 വിക്കറ്റ് നഷ്ടത്തില്‍ പിന്തുടരാൻ രാജസ്ഥാൻ റോയല്‍സിനായി. തുടക്കത്തില്‍ പതറിയെങ്കിലും ലക്ഷ്യത്തില്‍ എത്താൻ രാജസ്ഥാനായി. റിയാൻ പരാഗിന്റെ പക്വതയാർന്ന ബാറ്റിങ് ആണ് അവർക്ക് സഹായനായത്. ഈ വിജയത്തോടെ രാജസ്ഥാൻ പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തി.

തുടക്കത്തില്‍ തന്നെ രാജസ്ഥാന് ജയ്സ്വാളിനെയും സഞ്ജുവിനെയും നഷ്ടമായി. ജയ്സ്വാള്‍ 10 റണ്‍സും സഞ്ജു 12 റണ്‍സുമാണ് എടുത്തത്. വിക്കറ്റുകള്‍ പോയെങ്കിലും മറുവശത്ത് റണ്‍സ് വന്നത് രാജസ്ഥാന് ഗുണമായി. അധികം വൈകാതെ 13 റണ്‍സ് എടുത്ത ബട്ലറും പുറത്തായി.

അതിനു ശേഷം പരാഗും അശ്വിനും ചേർന്ന് പതിയെ രാജസ്ഥാനെ കരകയറ്റി. അശ്വിൻ 16 റണ്‍സ് എടുത്ത് പുറത്താകുമ്ബോള്‍ രാജസ്ഥാന് 38 റണ്‍സ് മാത്രമെ ജയിക്കാൻ വേണ്ടിയിരുന്നുള്ളൂ. റിയാൻ പരാഗ് മികച്ച ഇന്നിംഗ്സ് കളിച്ച്‌ രാജസ്ഥാനെ വിജയത്തില്‍ എത്തിച്ചു. പരാഗ് 39 പന്തില്‍ നിന്ന് 54 റണ്‍സ് എടുത്തു. 3 സിക്സും 5 ഫോറും പരാഗ് അടിച്ചു. പരാഗ് കഴിഞ്ഞ കളിയിലും അർധ സെഞ്ച്വറി നേടിയിരുന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സ് വെറും 125 റണ്‍സ് ആയിരുന്നു എടുത്തത്. ട്രെന്റ് ബോള്‍ട്ട് മുംബൈയുടെ ടോപ് ഓര്‍ഡറിനെ തകര്‍ത്തപ്പോള്‍ മധ്യ ഓവറുകളില്‍ യൂസുവേന്ദ്ര ചഹാലും മുംബൈയെ വെള്ളം കുടിപ്പിയ്ക്കുകയായിരുന്നു. ഇരുവരും 3 വീതം വിക്കറ്റാണ് നേടിയത്. മുംബൈ നിരയില്‍ 34 റണ്‍സ് നേടി ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് ടോപ് സ്കോറര്‍. തിലക് വര്‍മ്മ 32 റണ്‍സ് നേടി.

ആദ്യ ഓവറില്‍ രോഹിത് ശര്‍മ്മയെയും നമന്‍ ധിറിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ ബോള്‍ട്ട് തന്റെ അടുത്ത ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിനെയും പുറത്താക്കി. ഈ മൂന്ന് താരങ്ങളും ഗോള്‍ഡന്‍ ഡക്ക് ആകുകയായിരുന്നു.

16 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ നാന്‍ഡ്രേ ബര്‍ഗര്‍ പുറത്താക്കിയപ്പോള്‍ മുംബൈ പ്രതിരോധത്തിലായി. 20/4 എന്ന നിലയിലേക്ക് വീണ മുംബൈയെ ഹാര്‍ദ്ദിക് പാണ്ഡ്യ - തിലക് വര്‍മ്മ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അഞ്ചാം വിക്കറ്റില്‍ 36 പന്തില്‍ 56 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 10ാം ഓവറില്‍ ചഹാല്‍ ഹാര്‍ദ്ദിക്കിനെ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 21 പന്തില്‍ 34 റണ്‍സാണ് ഹാര്‍ദ്ദിക് നേടിയത്.

29 പന്തില്‍ 32 റണ്‍സ് നേടിയ തിലക് വര്‍മ്മയും പുറത്തായതോടെ മുംബൈയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടമായി. ചഹാലിനായിരുന്നു വര്‍മ്മയുടെ വിക്കറ്റ്. ബോള്‍ട്ട് 4 ഓവറില്‍ 22 റണ്‍സ് നല്‍കി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ചഹാല്‍ 4 ഓവറില്‍ 11 റണ്‍സ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റാണ് നേടിയത്.

ടിം ഡേവിഡ് 17 റണ്‍സ് നേടി മുംബൈയുടെ സ്കോര്‍ നൂറ് കടത്തിയപ്പോള്‍ നാന്‍ഡ്രേ ബര്‍ഗര്‍ താരത്തെ പുറത്താക്കി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196135/rr-mi)