---
title: "തുടർച്ചയായ മൂന്നാം വിജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്; പോയിന്റ് ടേബിളില്‍ ഒന്നാമത്"
english_title: "Kkr dc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196604/kkr-dc"
published_at: "2024-04-03T23:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d9972c8e69_n5972355281712167104220e47f505efae8b4f1c73ccfde9f39988ee98fdee674750358f8e0f92a76592ce4.jpg"
keywords: []
---

# തുടർച്ചയായ മൂന്നാം വിജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്; പോയിന്റ് ടേബിളില്‍ ഒന്നാമത്

> **Lead Summary:** ഐപിഎല്ലില്‍ തുടർച്ചയായ മൂന്നാം വിജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് . 106 റണ്‍സിന്റെ വിജയമാണ് കൊല്‍ക്കത്ത നേടിയത്. 273 എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന ഡെല്‍ഹിക്ക് 166 റണ്‍സ് എടുക്കാൻ മാത്രമെ ആയുള്ളൂ. ഈ ജയത്തോടെ KKR പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തി.

## Article Content

ഐപിഎല്ലില്‍ തുടർച്ചയായ മൂന്നാം വിജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് . 106 റണ്‍സിന്റെ വിജയമാണ് കൊല്‍ക്കത്ത നേടിയത്. 273 എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന ഡെല്‍ഹിക്ക് 166 റണ്‍സ് എടുക്കാൻ മാത്രമെ ആയുള്ളൂ. ഈ ജയത്തോടെ KKR പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തി.

മികച്ച രീതിയില്‍ പവർപ്ലേയില്‍ ബൗള്‍ ചെയ്ത കൊല്‍ക്കത്ത പവർ പ്ലേക്ക് അകത്ത് തന്നെ നാലു വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ മാർഷലും അഭിഷേക് പോരലും ഡക്കില്‍ ആണ് പുറത്തായത്. വാർണർ 18 റണ്‍സും പൃഥ്വി ഷാ 10 റണ്‍സും എടുത്തു.

അഞ്ചാം വിക്കറ്റില്‍ പന്തും സ്റ്റബ്സും ചേർന്ന് ഡെല്‍ഹിക്ക് ആയി പൊരുതി. പന്ത് തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ച്വറി നേടി. വെങ്കിടേഷ് അയ്യർ എറിഞ്ഞ 12ആം ഓവറില്‍ പന്ത് 28 റണ്‍സ് ആണ് അടിച്ചത്. 24 പന്തില്‍ നിന്ന് 55 റണ്‍സ് പന്ത് അടിച്ചു. 5 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.

സ്റ്റബ്സ് 32 പന്തില്‍ നിന്ന് 54 റണ്‍സ് എടുത്താണ് പുറത്തായത്. 4 ഫോറും 4 സിക്സും സ്റ്റബ്സ് അടിച്ചു. ഇവർ രണ്ട് പേരും പുറത്തായതോടെ ഡെല്‍ഹിയുടെ പോരാട്ടവും അവസാനിച്ചു. കെ കെ ആറിനായി വരുണ്‍ ചക്രവർത്തിയും വൈബവ് അറോറയും 3 വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റാർക് 2 വിക്കറ്റും നേടി.

ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത സുനില്‍ നരൈന്‍, ആന്‍ഡ്രേ റസ്സല്‍, അംഗ്കൃഷ് രഘുവംശി എന്നിവരുടെ ബാറ്റിംഗ് മികവിന്റെ ബലത്തില്‍ 272 എന്ന വമ്ബന്‍ സ്കോറാണ് 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

4.3 ഓവറില്‍ 60 റണ്‍സ് നേടിയ കൊല്‍ക്കത്തയ്ക്ക് ഫിലിപ് സാള്‍ട്ടിനെ(18) നഷ്ടമായപ്പോള്‍ പിന്നീട് കണ്ടത് സുനില്‍ നരൈന്റെ വെടിക്കെട്ട് പ്രകടനം ആണ് കണ്ടത്. പവര്‍ പ്ലേ അവസാനിക്കുമ്ബോള്‍ 88 റണ്‍സ് പിറന്നപ്പോള്‍ നരൈന്‍ - അംഗകൃഷ് കൂട്ടുകെട്ട് 104 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

12.3 ഓവറില്‍ നരൈന്‍ പുറത്താകുമ്ബോള്‍ 39 പന്തില്‍ 85 റണ്‍സ് ആണ് താരം നേടിയത്. 21 പന്തില്‍ അദ്ദേഹം തന്റെ അര്‍ദ്ധ ശതകം നേടി. അംഗ്കൃഷ് രഘുവംശി 27 പന്തില്‍ 54 റണ്‍സ് നേടി പുറത്തായി. നരൈന്‍ 7 സിക്സും അംഗ്കൃഷ് 3 സിക്സും നേടിയപ്പോള്‍ അതിന് ശേഷം ആന്‍ഡ്രേ റസ്സലിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണ് കാണുന്നത്.

റസ്സലിനൊപ്പം റിങ്കു സിംഗ് 8 പന്തില്‍ 26 റണ്‍സ് നേടി അവസാന ഓവറുകളില്‍ കൊല്‍ക്കത്ത സ്കോറിന് വേഗത നല്‍കി. 19 പന്തില്‍ 41 റണ്‍സ് നേടി റസ്സല്‍ അവസാന ഓവറില്‍ പുറത്തായി. ഇഷാന്ത് ശര്‍മ്മ തകര്‍പ്പന്‍ യോര്‍ക്കറിലൂടെയാണ് റസ്സലിനെ പുറത്താക്കിയത്. അതേ ഓവറില്‍ തന്നെ രമണ്‍ദീപ് സിംഗിനെയും ഇഷാന്ത് പുറത്താക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196604/kkr-dc)