---
title: "വന്യമൃഗ ശല്യം; ജനങ്ങളോട് സംവദിച്ച് ആനി രാജ"
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196872/mananthavadi"
published_at: "2024-04-05T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660f8b7cd451f_Screenshot_20240405-104914_Gallery.jpg"
keywords: []
---

# വന്യമൃഗ ശല്യം; ജനങ്ങളോട് സംവദിച്ച് ആനി രാജ

> **Lead Summary:**  **പുല്‍പ്പളളി**: വയനാട് പാര്‍ലമെന്റ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ആനി രാജ അനശ്വര രക്ത സാക്ഷി ശശിയുടെ അമ്മയുടെ അനുഗ്രഹം വാങ്ങി സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ പര്യടനത്തിന് പാടിച്ചിറയിൽ തുടക്കം കുറിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. പി എൻ ശിവാനന്ദൻ അധ്യക്ഷനായി. വന്യ മൃഗ ശല്യം രൂക്ഷമായ എല്ലാ പ്രദേശങ്ങളിലൂടെയും ആനി രാജ പര്യടനം നടത്തി. അതിനാൽ തന്നെ വന്യമൃഗ ശല്യത്തെ കുറിച്ച് വിവിധ ഇടങ്ങളിൽ ചർച്ചയായി.

## Article Content

 **പുല്‍പ്പളളി**: വയനാട് പാര്‍ലമെന്റ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ആനി രാജ അനശ്വര രക്ത സാക്ഷി ശശിയുടെ അമ്മയുടെ അനുഗ്രഹം വാങ്ങി സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ പര്യടനത്തിന് പാടിച്ചിറയിൽ തുടക്കം കുറിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. പി എൻ ശിവാനന്ദൻ അധ്യക്ഷനായി. വന്യ മൃഗ ശല്യം രൂക്ഷമായ എല്ലാ പ്രദേശങ്ങളിലൂടെയും ആനി രാജ പര്യടനം നടത്തി. അതിനാൽ തന്നെ വന്യമൃഗ ശല്യത്തെ കുറിച്ച് വിവിധ ഇടങ്ങളിൽ ചർച്ചയായി.

വന്യമൃഗ ശല്യത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലും നാട്ടുകാരെ ബോധ്യപ്പെടുത്തി. വന്യമൃഗ ശല്യത്തിൽ ഇനിയെന്ത് എന്ന ചോദ്യം ഉയർത്തിയ നാട്ടുകാരോട് പ്രശ്നത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന നടപടിക്രമങ്ങളും, വന്യമൃഗ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നാൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. മാസങ്ങൾക്ക് മുമ്പ് യുവാവിനെ കടുവ അക്രമിച്ചു കൊന്ന വാകേരിയിലും പര്യടനം നടത്തി. മുള്ളൻകൊല്ലി, വീട്ടിമൂല, പുൽപള്ളി, കാപ്പിസെറ്റ്, ഇരുളം, വാകേരി, സി സി, കേണിച്ചിറ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം ചൂതുപാറയിലെത്തിയ സ്ഥാനാർഥിയെ നൃത്തം ചെയ്താണ് കുട്ടികൾ സ്വീകരിച്ചത്. ചെണ്ടമേളവും, നാസിക് ഡോളും, മുത്തുക്കുടകളും, പ്ലക്കാടുകളും ഏന്തിയാണ് ജനങ്ങൾ വരവേറ്റത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സിപിഐഎം, സിപിഐ, എസ്എഫ്ഐ, ഡിവൈഎഫ്ഐ, മഹിളാ, കർഷകർ, വിവിധ ബൂത്തുകൾ, എന്നിവരുടെ പ്രതിനിധികൾ സ്ഥാനാർത്ഥിക്ക് ഹരാർപ്പണം ചെയ്തു. മീനങ്ങാടി, അമ്പലവയൽ, തോമാട്ടുച്ചാൽ, ചുള്ളിയോട്, കോളിയാടി, ചീരാൽ, നായികട്ടി, മൂലങ്കാവ്, ചെതലയം, കോട്ടകുന്ന്, ബീനാച്ചി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ബത്തേരിയിൽ പര്യടനം അവസാനിച്ചു. റോസ കുട്ടി ടീച്ചർ, കെ വി ജോബി, പി എ മുഹമ്മദ്‌, യു എൻ ബിജു, സുരേഷ് താളൂർ, വീരേന്ദ്രകുമാർ, ബെന്നി കുറുമ്പാലകാട്ട്, ബീന വിജയൻ, സജി മാത്യു, ശിവദാസൻ, ജയപ്രകാശ്, സജി വർഗീസ്, കെ കെ രാമചന്ദ്രൻ, എസ് ജി സുകുമാരൻ, ഗി വർഗീസ്, അനീഷ്‌, ഷാജി, ജയപ്രകാശ്, റെജി, ജോസഫ്, മോഹൻ, വി വി ജോസ്, രതീഷ്, പി കെ സജീവൻ, മറ്റ് ഘടക കക്ഷി നേതാക്കൾ തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഫോട്ടോ--- ആനി രാജക്ക് അമ്പലവയലില്‍ നല്‍കിയ സ്വീകരണം ബത്തേരിയിലെ പര്യടനത്തിനിടെ ആനി രാജക്ക് ഒരു കത്ത് കേണിച്ചിറ: സുല്‍ത്താന്‍ ബത്തേരി ബത്തേരി മണ്ഡലത്തിലെ കേണിച്ചിറയിലെ സ്വീകരണ കേന്ദ്രത്തിലെത്തിയ ആനി രാജക്ക് നടവയൽ വനാതിർത്തി ജാഗ്രത സമിതിയുടെ കത്ത് ലഭിച്ചു. വീടാക്രമണ സ്വഭാവമുള്ള കാട്ടാനയെ പ്രതിരോധിക്കുന്നതു സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ആനി രാജയെ ബോധ്യപ്പെടുത്തുകയാണ് കത്തിന്റെ ലക്ഷ്യം. പൂതാടി പഞ്ചായത്ത് ഒന്നാം വാർഡിൽ കക്കോടൻ ബ്ലോക്ക്, പേരൂർ പ്രദേശത്തെ വനാതിർത്തി സമിതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും, പൊലിസ് അധികൃതർക്കും, വനം വകുപ്പ് അധികൃതർക്കും സമർപ്പിക്കുന്ന സങ്കട ഹർജിയാണ് ലഭിച്ചത്. പൂതാടി പഞ്ചായത്ത് ഒന്നാം വാർഡിൽ, കൽമതിൽ എത്തി നിൽക്കുന്ന കോച്ചേരിക്കടവു മുതൽ മണൽവയൽ ഗേറ്റുവരെയുള്ള കക്കോടൻ ബ്ലോക്ക് ഭാഗത്തു കൂടി കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങൾ വരുത്തുന്ന കൃഷിനാശം അധികൃത ശ്രദ്ധയിൽപ്പെടുത്താൻ തുടങ്ങിയിട്ട് കാലമേറെയായി. ഫലവത്തായ പ്രതിരോധ സംവിധാനങ്ങളൊന്നും ഇതുവരെ സ്ഥാപിച്ചിട്ടുമില്ല. പ്രശ്‌നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിക്കൊണ്ട് കഴിഞ്ഞ ഒരു മാസമായി ഒരു ഒറ്റയാൻ വീടാക്രമണം ആരംഭിച്ചിരിക്കുകയാണ്. 20 ദിവസങ്ങൾക്കു മുൻപ്, കോച്ചേരി കടവിനോട് ചേർന്ന പേരൂർ കോളനിയിലെ മുരണി, ലീല എന്നീ വിധവകളുടെ വീടുകൾക്ക് കേടുപാടുകൾ വരുത്തി. ഇന്നലെ പുലർച്ചെയും കോളനിയിലെത്തി ലീലയുടെ വീടിന് അനുബന്ധമായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഷെഡ്ഡ് തകർത്തു. മാർച്ച് 22 തിങ്കളാഴ്‌ച എങ്ങപ്പിള്ളി ഇമ്മാനുവലിന്റെ വീട്ടുകിണറ്റിലെ മോട്ടോർ പമ്പ് സജ്ജീകരണങ്ങളും പൈപ്പുകളും വലിച്ചു പുറത്തെറിഞ്ഞു നശിപ്പിച്ചു.

ഇതേ ദിവസം രാവിലെ 11 മണിയ്ക്ക് വീടിനോട് ചേർന്ന കൃഷിയിടത്തിൽ വച്ചു കണ്ടത്ത് ജോയിയുടെ ഭാര്യ ലിസി ഇതേ ആനയുടെ മുന്നിൽ പ്പെടുകയും ഒരു വിധത്തിൽ ഓടി രക്ഷപ്പെടുകയുമാണുണ്ടായത്. മാർച്ച് 23 നും 30 നും പുലർച്ചെ 5.30 ന് വടക്കൻചേരിൽ ജോസ് മാത്യുവിന്റെ വീട്ടുമുറ്റത്തെത്തിയ ഇതേ കാട്ടാന ചാക്കിൽ ശേഖരിച്ചു വച്ചിരുന്ന നെല്ലുൽപ്പനങ്ങൾ വലിച്ചിട്ടു നിരത്തി ഭക്ഷിക്കുകയും, കൃഷി ഉപകരണം ചവിട്ടി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നലെ പുലർച്ചെ 6 മണിക്ക് കാടപ്പറമ്പിൽ ജോസിന്റെ വീട്ടുമുറ്റത്തെത്തിയ കാട്ടാന ബൈക്ക് ചവിട്ടി മറിച്ച് കടന്നുപോയി. മേൽപറഞ്ഞ എല്ലാ വേളകളിലും ശബ്ദം കേട്ട് മുറ്റത്തിറങ്ങുന്ന കുടുംബാംഗങ്ങൾ തലമുടിനാരിഴക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്. ഈ മേഖലയിൽ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കാനുദ്ദേശിച്ച തൂക്കു വേലി ഫെൻസിംഗിനുള്ള ഫണ്ടുകളടക്കം കൈമാറിക്കഴിഞ്ഞതായി അറിയുന്നു. പൂർത്തിയാക്കേണ്ട നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നതായാണ് മനസ്സിലാകുന്നത്. വനംവകുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ അത്യധികം സങ്കീർണ്ണമായ സാഹചര്യം പരിഗണിച്ച് സർക്കാർ സംവിധാനങ്ങള്‍ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഈ വിഷയം കാര്യമായി സംസാരിക്കണം എന്നുമാണ് കത്തിന്റെ ഉള്ളടക്കം. വയനാട്ടുകാരുടെ പ്രധാന പ്രശ്നമായ വന്യ മൃഗ ശല്യത്തിന് താത്കാലിക പരിഹാരം അല്ലാതെ സ്ഥിരമായ പരിഹാരം കാണാൻ സാധിക്കുമെന്ന് ആനി രാജ പറഞ്ഞു. 1972 ലെ വന്യ മൃഗ നിയമം അന്ന് ശാശ്വതം ആയിരിക്കാം എന്നാൽ ഈ 2024 ഇൽ ആ നിയമം അപ്രായോഗികമാണെന്നും അതിനാൽ വനം വന്യജീവി നിയത്തിൽ ഭേദഗതി കൊണ്ട് വരണം.

അതിനുള്ള ഇടം കേരള നിയമ സഭ അല്ലെന്നും, അത് ഇന്ത്യൻ പാർലിമെന്റ് ആണെന്നും ജനങ്ങളെ ഓർമിപ്പിച്ചു. അതിനായി പാർലമെന്റിൽ വേണ്ട വിധത്തിൽ ഇടപെട്ട് നിയമത്തിൽ ഭേദഗതി കൊണ്ട് വരാൻ കഴിയുമെന്നും അത് കൊണ്ട് വരുമെന്നും ആനി രാജ ഉറപ്പ് നൽകി. വയനാട്ടിലെ എം പി യായി പാർലിമെന്റിൽ എത്തിയ രാഹുൽ ഗാന്ധി വയനാട്ടിലെ വന്യമൃഗ ശല്യത്തെകുറിച്ച് ഒന്നും പാർലിമെന്റിൽ ഉയർത്തിയില്ല എന്നും ആനി രാജ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196872/mananthavadi)