---
title: "തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യത എന്താണെന്ന് ബോധ്യപ്പെടുത്തണമെന്ന് ഇഡിയോട് ഹൈക്കോടതി"
english_title: "High-court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196967/high-court"
published_at: "2024-04-05T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ffdafca20a_n59776620817123237642995fed36ef32df89d05ae7ee69d936112ddc461779fa853c0f052f9c3ec3a54f5a.jpg"
keywords: []
---

# തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യത എന്താണെന്ന് ബോധ്യപ്പെടുത്തണമെന്ന് ഇഡിയോട് ഹൈക്കോടതി

> **Lead Summary:** **കൊച്ചി: **മസാല ബോണ്ട് കേസില്‍ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യത എന്താണെന്ന് ബോധ്യപ്പെടുത്തണമെന്ന് ഇഡിക്ക് ഹൈക്കോടതി. അന്വേഷണ ഏജൻസികള്‍ എല്ലാ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലയെന്നത് അംഗീകരിക്കുന്നു എന്നാല്‍ ഒരാളെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നതില്‍ വിശദീകരണം വേണമെന്നും ഹൈക്കോടതി പറഞ്ഞു. 

## Article Content

**കൊച്ചി: **മസാല ബോണ്ട് കേസില്‍ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യത എന്താണെന്ന് ബോധ്യപ്പെടുത്തണമെന്ന് ഇഡിക്ക് ഹൈക്കോടതി. അന്വേഷണ ഏജൻസികള്‍ എല്ലാ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലയെന്നത് അംഗീകരിക്കുന്നു എന്നാല്‍ ഒരാളെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നതില്‍ വിശദീകരണം വേണമെന്നും ഹൈക്കോടതി പറഞ്ഞു. 

മസാല ബോണ്ട് ഇടപാടിലെ ഇഡി സമൻസിനെതിരായ തോമസ് ഐസക്കിന്റെ ഉപഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം. ഇഡി സമൻസിനെതിരായ ഹർജി അന്തിമ തീർപ്പിനായി മാറ്റിയപ്പോള്‍ വീണ്ടും ഇഡി സമൻസയച്ചുവെന്ന് ഐസക്ക് കോടതിയെ അറിയിച്ചു. ഹൈക്കോടതി അനുകൂല ഉത്തരവിടാത്തതിനാല്‍ ഹാജരാകാൻ ഒരവസരം കൂടി നല്‍കാമെന്നും മസാലബോണ്ട് വഴി കൈപ്പറ്റിയ തുക എങ്ങനെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കണം എന്നുമായിരുന്നു സമൻസിലുണ്ടായിരുന്നത്. 

ഇഡി നടത്തുന്നത് അധികാര ദുർവിനിയോഗമെന്ന് കിഫ്ബിയും കോടതിയില്‍ വാദിച്ചു. കിഫ്ബി മാത്രമല്ല മസാലബോണ്ട് വഴി പണം സമാഹരിച്ചത്. ഇരുപതിനടുത്ത് സംസ്ഥാനങ്ങള്‍ മസാലബോണ്ട് സമാഹരിച്ചിട്ടുണ്ട്. തോന്നിയത് പോലെ പണം എടുക്കുകയല്ല ചെയ്തത്. സംസ്ഥാന സർക്കാരിന് വേണ്ടി കിഫ്ബി പണം ശേഖരിച്ച്‌ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായാണ് ചെലവഴിച്ചത്. ഇരുന്നൂറിലധികം രേഖകളിലാണ് ഒപ്പിട്ട് നല്‍കിയതെന്നും കോടതിയില്‍ കിഫ്ബി അറിയിച്ചു.

ഇതോടെയാണ് എന്തിന് വേണ്ടിയാണ് ഐസകിനെ ചോദ്യം ചെയ്യേണ്ടതെന്ന് കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് ടിആർ രവി ഇഡിയോട് നിർദേശിച്ചത്. കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി. അതുവരെ കടുത്ത നടപടി പാടില്ലെന്ന മുൻ ഉത്തരവ് നിലനില്‍ക്കുമെന്നും ജസ്റ്റിസ് ടിആര്‍ രവി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196967/high-court)