---
title: "ബോംബ് സ്ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ്"
english_title: "Muslim-league "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196970/muslim-league"
published_at: "2024-04-05T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660fff957633c_PicsArt_04-05-07.06.16.jpg"
keywords: []
---

# ബോംബ് സ്ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ്

> **Lead Summary:** **കണ്ണൂർ:** പാനൂർകൈവേലിക്കൽ മൂളിയാന്തോട് ഒരു സിപിഎം പ്രവർത്തകന്റെ മരണത്തിനിടയാക്കിയ ബോംബ്സ്ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറികെ.ടി.സഹദുള്ളയുംആവശ്യപ്പെട്ടു.

## Article Content

**കണ്ണൂർ:** പാനൂർകൈവേലിക്കൽ മൂളിയാന്തോട് ഒരു സിപിഎം പ്രവർത്തകന്റെ മരണത്തിനിടയാക്കിയ ബോംബ്സ്ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറികെ.ടി.സഹദുള്ളയുംആവശ്യപ്പെട്ടു.

ബോംബ് നിർമ്മാണത്തിനിടയിലാണ് സിപിഎം കേന്ദ്രത്തിൽ ഇങ്ങിനെയൊരു ബോംബ് സ്ഫോടനം നടന്നത്. പാർലമെൻറ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ രാഷ്ട്രീയ എതിരാളികൾക്ക് നേരെ പ്രയോഗിക്കാനുള്ള ബോംബുകൾ നിർമ്മിച്ച സിപിഎം ആക്രമണത്തിന് കോപ്പു കൂട്ടുകയാണെന്നാണ് ഈ ബോംബ് സ്ഫോടനത്തിലൂടെ മനസ്സിലാക്കുന്നത്.

ഒരുകാലത്ത് രാഷ്ട്രീയ സംഘട്ടനകൾക്ക് പേരുകേട്ട മേഖലയാണ് പാനൂരും പരിസരപ്രദേശങ്ങളും, ഇവിടെ കഴിഞ്ഞ കുറച്ചുകാലങ്ങളായി സമാധാനം നിലനിൽക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. അത് തകർക്കുന്ന വിധത്തിലാണ് ഇപ്പോൾ ബോംബ് നിർമാണത്തിനിടയിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ.

വടകര പാർലമെൻറ്നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ സമാധാനം അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അക്രമം അഴിച്ചു വിട്ട് കലാപം സൃഷ്ടിച്ച് തിരഞ്ഞെടുപ് അട്ടിമറിക്കാനുള്ള സിപിഎം നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഈ ബോംബ് സ്ഫോടനമെന്നാണ് സംശയിക്കപ്പെടുന്നത്.

സമാധാനന്തരീക്ഷം നിലനിൽക്കുന്ന കണ്ണൂർ ജില്ലയിൽ ആക്രമത്തിന്റെ വഴികളിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഈവിഷയത്തിൽ ഗൗരവകരമായ അന്വേഷണം നടത്തണമെന്നും ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം പുറത്ത് കൊണ്ടുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഈ പ്രദേശത്ത് ആക്രമം ഉണ്ടാവുമെന്ന് ഇൻ്റലിജൻസ്റിപ്പോർട് ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. എന്നിട്ടുപോലും നിയമപാലകർ മുൻകരുതലെടുക്കാത്തത് ഗൗരവകരമാണ്. ഭരണകക്ഷിയിൽപെട്ട ആളുകൾ മരണപ്പെട്ട ഈ ബോംബ് സ്ഫോടനത്തിൽ കേസ് തേഞ്ഞുമാഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാവരുതെന്നും അന്വേഷണം ശരിയായ ദിശയിൽ ആയിരിക്കണം എന്നും നേതാക്കൾ കൂട്ടിചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196970/muslim-league)