---
title: "റോഡരിക് കൈയേറി വാഹന പാർക്കിങ് : ഇരിട്ടി-മട്ടന്നൂർ കെ.എസ്.ടി.പി. റോഡിൽ അപകടമൊഴിയുന്നില്ല"
english_title: "Iritti-Mattannur KSTP There is no danger on the road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19757/iritti-mattannur-kstp-there-is-no-danger-on-the-road"
published_at: "2022-01-08T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d91bb55f915_IMG-20220108-WA0005.jpg"
keywords: []
---

# റോഡരിക് കൈയേറി വാഹന പാർക്കിങ് : ഇരിട്ടി-മട്ടന്നൂർ കെ.എസ്.ടി.പി. റോഡിൽ അപകടമൊഴിയുന്നില്ല

> **Lead Summary:** ഇരിട്ടി: കയറ്റവും ഇറക്കവും കുറച്ച് റോഡ് വീതികൂട്ടി നവീകരിച്ചാൽ വാഹനാപകടങ്ങൾ കുറയുമെന്നാണ് വിശ്വാസമെങ്കിലും ഇതെല്ലാം തെറ്റാണെന്ന് സ്ഥാപിക്കുകയാണ് ഇരിട്ടി-മട്ടന്നൂർ കെ.എസ്.ടി.പി. റോഡിലൂടെയുള്ള യാത്ര.

## Article Content

ഇരിട്ടി: കയറ്റവും ഇറക്കവും കുറച്ച് റോഡ് വീതികൂട്ടി നവീകരിച്ചാൽ വാഹനാപകടങ്ങൾ കുറയുമെന്നാണ് വിശ്വാസമെങ്കിലും ഇതെല്ലാം തെറ്റാണെന്ന് സ്ഥാപിക്കുകയാണ് ഇരിട്ടി-മട്ടന്നൂർ കെ.എസ്.ടി.പി. റോഡിലൂടെയുള്ള യാത്ര.

ആവശ്യത്തിൽ കൂടുതൽ വീതിയും സിഗ്നൽ ലൈറ്റും മുന്നറിയിപ്പ് ബോർഡുകളുമെല്ലാം ഉണ്ടായിട്ടും അപകടങ്ങൾ ഒന്നിനുപിറകെ ഒന്നായി നടക്കുകയാണ് ഈ റൂട്ടിൽ. പ്രഭാത സവാരിക്ക് ഇറങ്ങിയ ആൾ മുതൽ ഹോട്ടലിൽ ചായകുടിക്കാനിറങ്ങി റോഡരിൽനിന്ന് മുഖംകഴുകുന്നാൾക്കുപോലും ജീവൻ നഷ്ടമായ റോഡാണിത്. ഒരു മാസത്തിനുള്ളിൽ പത്തോളം അപകടങ്ങളാണ് മേഖലയിൽ ഉണ്ടായത്. ഇതിൽ ഒരാൾക്ക് ജീവനും നഷ്ടമായി. ഒട്ടേറെ പേർ സാരമായി പരിക്കേറ്റ് ചികിത്സയിലുമാണ്.

വെള്ളിയാഴ്ച ഉളിയിൽ ടൗണിൽ യാത്രക്കാർക്ക് ചായകുടിക്കാൻ നിർത്തിയ ബസിൽനിന്ന് ഇറങ്ങി റോഡരികിൽവെച്ച് കൈയിലെ കുപ്പി വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതിനിടെയാണ് കർണാടക ആർ.ടി.സി. ബസിലെ കണ്ടക്ടർ പ്രകാശ് നിയന്ത്രണംവിട്ട് എത്തിയ കാറിടിച്ച് മരിച്ചത്.

ഇതിന് രണ്ടുദിവസം മുമ്പ് കൂരൻമുക്കിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് കാറിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. കെ.എസ്.ടി.പി. റോഡ് വികസനത്തിൽപ്പെടുത്തി കയറ്റവും വളവുമെല്ലാം കുറച്ച് വീതികൂട്ടി പാത നവീകരിച്ചത് അടുത്തിടെയാണ്. വാഹനങ്ങളുടെ അമിതവേഗം മൂലം അപകടസാധ്യത ഏറെയാണെന്ന ആശങ്ക നേരത്തെതന്നെ ഉണ്ടായിരുന്നു. അപകടങ്ങൾ കൂടിയതോടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഭൂരിഭാഗം അപകടങ്ങളും അശ്രദ്ധമൂലം ഉണ്ടായതാണ്.

കിലോമീറ്ററോളം റോഡ് നേരേയായതിനാൽ വാഹനങ്ങളുടെ വേഗം പ്രധാന വില്ലനായി മാറുന്നു. ഇതിന്‌ പരിഹാരമായി വേഗനിർണയ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

റോഡരിക് കൈയേറി ഇരു വശങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്. മിക്കയിടങ്ങളിലും കാൽനടയാത്രയ്ക്കുപോലും പറ്റാത്തനിലയിൽ നിരനിരയായി വാഹനങ്ങൾ നിർത്തിയിട്ടിരിക്കയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19757/iritti-mattannur-kstp-there-is-no-danger-on-the-road)