---
title: "ആവണിക്കും അനഘക്കും അടച്ചുറപ്പുള്ള വീടായി; ദുരവസ്ഥ മാറ്റിയത് 'രാഹുല്‍ഗാന്ധി'യെന്ന് രുഗ്മിണി "
english_title: "Rahulgandhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198080/rahulgandhi"
published_at: "2024-04-10T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66168451b3737_IMG-20240410-WA0037.jpg"
keywords: []
---

# ആവണിക്കും അനഘക്കും അടച്ചുറപ്പുള്ള വീടായി; ദുരവസ്ഥ മാറ്റിയത് 'രാഹുല്‍ഗാന്ധി'യെന്ന് രുഗ്മിണി 

> **Lead Summary:** **സുല്‍ത്താന്‍ബത്തേരി**: ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷെഡ്ഡില്‍ ദുരിതത്തോട് മല്ലടിച്ച് കൊച്ചുമക്കളുമായി ജീവിച്ച നാളുകള്‍ ഓര്‍ക്കുമ്പോള്‍ രുഗ്മിണിയുടെ നെഞ്ചില്‍ ഒരു നെരിപ്പോട് കത്തും. ഒന്നുമറിയാതെ ഉറങ്ങുന്ന മക്കള്‍ക്ക് നേരം വെളുക്കും വരെ കണ്‍പോള ചിമ്മാതെ കാവലിരുന്ന എത്രയോ ദിവസങ്ങള്‍. പക്ഷേ, എല്ലാം മാറിമറിഞ്ഞത് വേഗത്തിലായിരുന്നു.

## Article Content

**സുല്‍ത്താന്‍ബത്തേരി**: ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷെഡ്ഡില്‍ ദുരിതത്തോട് മല്ലടിച്ച് കൊച്ചുമക്കളുമായി ജീവിച്ച നാളുകള്‍ ഓര്‍ക്കുമ്പോള്‍ രുഗ്മിണിയുടെ നെഞ്ചില്‍ ഒരു നെരിപ്പോട് കത്തും. ഒന്നുമറിയാതെ ഉറങ്ങുന്ന മക്കള്‍ക്ക് നേരം വെളുക്കും വരെ കണ്‍പോള ചിമ്മാതെ കാവലിരുന്ന എത്രയോ ദിവസങ്ങള്‍. പക്ഷേ, എല്ലാം മാറിമറിഞ്ഞത് വേഗത്തിലായിരുന്നു.

ഒരിക്കലും നടക്കില്ലെന്ന് കരുതിയ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം രാഹുല്‍ഗാന്ധിയെന്ന മനുഷ്യസ്‌നേഹിയിലൂടെ അതിവേഗം പ്രാവര്‍ത്തികമായി. എം പിയുടെ 'കൈത്താങ്ങി'ലൂടെ പൂര്‍ത്തിയായ സബര്‍മതിയെന്ന വീട്ടില്‍ നിന്ന് ഒരു സ്വപ്നം യാഥാര്‍ഥ്യമാക്കിയ രാഹുല്‍ഗാന്ധിയെ മറക്കാനാവില്ലെന്ന് പറയുമ്പോള്‍ രുഗ്മിണിയുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞുതുളുമ്പുന്നു. കളിചിരികളുമായി ഓടിനടക്കുന്ന പ്രായത്തിലാണ് നെന്മേനി പതിനഞ്ചാം വാര്‍ഡ് ചുള്ളിയോട് കാപ്പുംങ്കരയില്‍ താമസിക്കുന്ന ആവണിക്കും, അനഘക്കും അച്ഛന്‍ ബിജുവിനെയും നാലു മാസത്തിന് ശേഷം അമ്മ സൗമ്യയെയും നഷ്ടമാവുന്നത്.

ഇതോടെ രണ്ട് കുട്ടികളും അമ്മമ്മ രുഗ്മിണിയുടെ സംരക്ഷണയിലായി. അടച്ചുറപ്പുള്ള വീടോ, മറ്റ് സൗകര്യങ്ങളോ ഇല്ലാതെ പ്രതിസന്ധിയോടെ കുടുംബം മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ രണ്ട് മരണങ്ങള്‍ സംഭവിക്കുന്നത്. കുട്ടികളെയുമായി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. വളരെ പ്രയാസപ്പെട്ട് ആ ഷെഡ്ഡില്‍ ദിവസങ്ങള്‍ തള്ളിനീക്കി. കുടുംബത്തിന്റെ ദുരവസ്ഥ തിരിച്ചറിഞ്ഞ് അയല്‍വാസിയായ പ്രതീഷാണ് മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളെ കുറിച്ചും, അവരുടെ ദയനീയമായ ജീവിതസാഹചര്യങ്ങളെ കുറിച്ചും എം പി ഓഫീസ് മുഖേന രാഹുല്‍ഗാന്ധിയെ അറിയിക്കുന്നത്. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ഒരു മാസത്തിനകം കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടിന്റെ നിര്‍മ്മാണം ആരംഭിച്ച് ആറുമാസം കൊണ്ട് പൂര്‍ത്തിയാക്കി.

നിര്‍മ്മാണചുമതല നല്‍കിയ മുട്ടില്‍ ട്രൈബല്‍ സൊസൈറ്റിയായിരുന്നു സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കിയത്. പ്ലാസ്റ്റിക് കൊണ്ട് തീര്‍ത്ത ഷെഡ്ഡില്‍ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് താമസം മാറുമ്പോള്‍ കുട്ടികള്‍ക്കും രുഗ്മിണിക്കുമൊപ്പം ഒരു നാടൊന്നാകെ സന്തോഷിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. സ്‌കൂള്‍ അടച്ചതോടെ ആവണിയും അനഘയും പാട്ടവയലിലെ അച്ഛന്റെ വീട്ടില്‍ പോയതാണ്. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ സമയത്തെല്ലാം കുട്ടികള്‍ക്ക് വലിയ വിഷമമായിരുന്നുവെന്നും, പിന്നീട് കോടതിവിധി വന്നപ്പോഴാണ് അവര്‍ക്ക് സന്തോഷമായതെന്നും രുഗ്മിണി പറഞ്ഞു. ഇന്നും സബര്‍മതി വീടിന്റെ ചുമരില്‍ രാഹുല്‍ഗാന്ധി എം പി വീടിന്റെ താക്കോല്‍ നല്‍കുന്ന ചിത്രം തൂക്കിയിട്ടിട്ടുണ്ട്. 'ഞങ്ങളുടെ ദുരവസ്ഥ മാറ്റിയത് രാഹുല്‍ഗാന്ധിയുടെ ഇടപെടലാണ്. എന്റെ കൊച്ചുമക്കള്‍ക്ക് അദ്ദേഹം എല്ലാ സൗകര്യങ്ങളുമൊരുക്കി. അദ്ദേഹം ഇനിയും ജയിക്കണം' ആ ചിത്രം കൈകളിലെടുത്ത് കൊണ്ട് രുഗ്മിണി പറയുഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198080/rahulgandhi)