---
title: "മാസപ്പടി; സിഎംആർഎല്‍ എം‍ഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്"
english_title: "Ed notice "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198283/ed-notice"
published_at: "2024-04-11T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617e4a93cb51_n59941954617128416577336a361bc204f52f195f9610b86e91ef239fb580229f99018cb99ae3f0ce01d4bb.jpg"
keywords: []
---

# മാസപ്പടി; സിഎംആർഎല്‍ എം‍ഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്

> **Lead Summary:** **കൊച്ചി: **സ്വകാര്യ കരിമണല്‍ ഖനന കമ്ബനിയായ കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആർഎല്‍) എം‍ഡി ശശിധരൻ കർത്തക്ക് നോട്ടീസ് അയച്ച്‌ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). എക്സാ ലോജിക് സൊലൂഷനുമായുള്ള മാസപ്പടി കേസില്‍ തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്. 

## Article Content

**കൊച്ചി: **സ്വകാര്യ കരിമണല്‍ ഖനന കമ്ബനിയായ കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആർഎല്‍) എം‍ഡി ശശിധരൻ കർത്തക്ക് നോട്ടീസ് അയച്ച്‌ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). എക്സാ ലോജിക് സൊലൂഷനുമായുള്ള മാസപ്പടി കേസില്‍ തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്. 

അതിനിടെ സിഎംആർഎല്‍ പ്രതിനിധികള്‍ക്ക് ഇന്ന് ഹാജരാകാൻ ഇഡി നോട്ടീസ് നല്‍കിയിരുന്നു. സിഎംആർഎല്‍ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥരോട് രേഖകള്‍ സഹിതം ഹാജരാകാനായിരുന്നു നിർദേശം. എന്നാല്‍ ആരും ഹാജരായില്ല. ഹാജരാകാത്തതിന്റെ കാരണവും പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടില്ല. 

അതിനിടെയാണ് കർത്തയ്ക്ക് ഇ‍ഡി നോട്ടീസ് അയച്ചിരിക്കുന്നത്. മാസപ്പടി കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തെളിവെടുപ്പ് തുടരുന്നതിനിടെയാണ് നോട്ടീസ് നല്‍കിയത്. 

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്ബനിയായ എക്സാലോജിക് സൊലൂഷൻസും സ്വകാര്യ കരിമണല്‍ഖനന കമ്ബനിയായ കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. നല്‍കാത്ത സേവനത്തിനാണ് സിഎംആർഎല്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയതെന്നാണ് ആരോപണം.

പണം വാങ്ങിയത് ഏതുതരം സേവനത്തിനാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സഹിതം ഹാജരാകാനായിരുന്നു പ്രതിനിധികള്‍ക്ക് നേരത്തെ നിർദേശം നല്‍കിയത്. സിഎംആർഎലും തമ്മിലുള്ള ദുരൂഹമായ പണമിടപാടുകളില്‍ ഇഡി കേസെടുത്തിരുന്നു. ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷിക്കുന്നുണ്ട്.

തവണകളിലായി 1.72 കോടി രൂപ സിഎംആർഎല്‍ വീണാ വിജയന്റെ കമ്ബനിക്ക് നല്‍കിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. 2016-17 മുതലാണ് എക്‌സാലോജികിന് കരിമണല്‍ കമ്ബനി അക്കൗണ്ട് വഴി പണം കൈമാറുന്നത്. നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം. എക്‌സാലോജിക് കമ്ബനി വലിയ തുകയുടെ സാമ്ബത്തിക ഇടപാടു നടത്തിയ മുഴുവൻ സ്ഥാപനങ്ങള്‍ക്കും എസ്‌എഫ്‌ഐഒ നോട്ടീസ് അയച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198283/ed-notice)