---
title: "വേനൽചൂടിലെ കൃഷിനാശത്തിന് പ്രത്യേക പാക്കേജ് വേണം; ജോസ് പൂമല"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198300/ulikkal"
published_at: "2024-04-11T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617f2cd15b39_IMG-20240411-WA0026.jpg"
keywords: []
---

# വേനൽചൂടിലെ കൃഷിനാശത്തിന് പ്രത്യേക പാക്കേജ് വേണം; ജോസ് പൂമല

> **Lead Summary:** **ഉളിക്കൽ: **അതി രൂക്ഷമായ വേനൽ ചൂടിൽ കർഷകരുടെ കൃഷിയിടങ്ങൾ ഉണങ്ങി കൃഷി നശിക്കുന്നത് മൂലമുള്ള നഷ്ടം പരിഹരിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രത്യേക പാക്കേജ് വേണമെന്നും കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ജോസ് പൂമല ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് അദ്ദേഹം സർക്കാറിന് നിവേദനം നൽകി.

## Article Content

**ഉളിക്കൽ: **അതി രൂക്ഷമായ വേനൽ ചൂടിൽ കർഷകരുടെ കൃഷിയിടങ്ങൾ ഉണങ്ങി കൃഷി നശിക്കുന്നത് മൂലമുള്ള നഷ്ടം പരിഹരിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രത്യേക പാക്കേജ് വേണമെന്നും കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ജോസ് പൂമല ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് അദ്ദേഹം സർക്കാറിന് നിവേദനം നൽകി.

ജില്ലയിൽ ഓണം സീസൺ ലക്ഷ്യമിട്ട് ധാരാളം കർഷകർ വാഴകൃഷി നടത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം വലിയ നഷ്ടം സംഭവിക്കും എന്ന ഭീതിയിലാണ് കർഷകർ. പല സ്ഥലത്തും വാഴത്തോട്ടങ്ങൾ ഉണങ്ങി നശിച്ചു. ബാങ്കുകളിൽ നിന്നും വലിയ തുക വായ്പയെടുത്താണ് ഇവർ കൃഷിയിറക്കിയിട്ടുള്ളത്. ഓണം പോലുള്ള ആഘോഷ സമയത്ത് നേന്ത്രക്കായയുടെ ആവശ്യം കൂടുതൽ അനുഭവപ്പെടുന്നത്.

വ്യാപകമായ കൃഷി നാശം ഇത്തവണ മാർക്കറ്റിൽ നേന്ത്രക്കായയുടെ വില നിയന്ത്രിക്കാൻ കഴിയാത്തവണ്ണം വർധിക്കുന്നതിന് കാരണം ആകും. വിളനാശം മൂലം കർഷകന് വായ്പ യഥാസമയം തിരിച്ചടക്കാൻ കഴിയില്ല. കർഷകരുടെ ദയനീയ അവസ്ഥ മനസിലാക്കാതെ ബാങ്കുകൾ ജപ്തി നടപടികൾ സ്വീകരിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.

ഇതോടെ കർഷകരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്ന അവസ്ഥ ബാങ്കുകൾ സൃഷ്ടിക്കുന്നു. കൃഷി നാശം സംഭവിച്ചാൽ കാർഷിക കടങ്ങൾ പൂർണമായും എഴുതിത്തള്ളുന്ന നിയമവ്യവസ്ഥക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിര നടപടികൾ ഉണ്ടാവുകയും വേണമെന്ന് ജോസ് പൂമല ആവശ്യപ്പെട്ടു.

ഉളിക്കൽ പഞ്ചായത്തിൽ വയത്തൂരിലെ കൂനമ്മാക്കൽ തോമസിന്റെ നാലേക്കർ കൃഷിയിടത്തിലെ ഒന്നര ഏക്കറിലധികം വരുന്ന സ്ഥലത്ത് നേന്ത്രവാഴ അതിരൂക്ഷമായ വേനൽ ചൂടിൽ ഉണങ്ങിയും ഒടിഞ്ഞും പോയ സ്ഥലം സന്ദർശിച്ചതിനുശേഷമാണ് അദ്ദേഹം വകുപ്പ് മന്ത്രിക്കും സർക്കാരിലേക്കും നിവേദനം നൽകിയത്.

കൃഷി നാശം കാരണം തോമസിന് നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. തോമസിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിമാരായ അഗസ്സ്റ്റിൻ വേങ്ങക്കുന്നേൽ,  സണ്ണി കുന്നത്തേട്ട്, ജെയിംസ് ഇളപള്ളൂർ എന്നിവരും സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198300/ulikkal)