---
title: "27 വർഷം ഒളിവിൽ; യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198310/arrested"
published_at: "2024-04-11T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617fceb83254_n59944080417128479850011f79e272e89302a9fdfa929cff2151c502b7118e3eb414280656d5defafd8944.jpg"
keywords: []
---

# 27 വർഷം ഒളിവിൽ; യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: **ബസ് യാത്രക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ 27 വർഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടി. വർക്കല ശ്രീനിവാസപുരം ലക്ഷ്മി ഭവനില്‍ സജീവാണ് പിടിയിലായത്. 

## Article Content

**തിരുവനന്തപുരം: **ബസ് യാത്രക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ 27 വർഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടി. വർക്കല ശ്രീനിവാസപുരം ലക്ഷ്മി ഭവനില്‍ സജീവാണ് പിടിയിലായത്. 

1997 ജൂലൈ 16നാണ് കേസിനാസ്പദമായ സംഭവം. അഞ്ചല്‍ സ്വദേശിയായ യുവതിയെ വർക്കല പരവൂർ എന്നിവിടങ്ങളില്‍ തടവില്‍ പാർപ്പിച്ചു പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. സ്വകാര്യ ബസില്‍ കുളത്തൂപ്പുഴ ക്ഷേത്രത്തില്‍ പോയി മടങ്ങിയ യുവതിയെ അഞ്ചലില്‍ ഇറക്കാതെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും അവിടെ നിന്നു കാറില്‍ തട്ടിക്കൊണ്ടു പോകുകയും ആയിരുന്നു. പിന്നീട് വർക്കല പരവൂർ എന്നിവിടങ്ങളില്‍ വച്ച്‌ പത്തോളം പേർ ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 

സംഭവമായി ബന്ധപ്പെട്ട അന്നു തന്നെ സജീവ് അറസ്റ്റിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സജീവിനു ജാമ്യം കിട്ടി. ജാമ്യത്തില്‍ ഇറങ്ങി പ്രതി പിന്നീട് കോടതിയില്‍ ഹാജരായില്ല. വർക്കല സ്വദേശിയായ സജീവ് ഗള്‍ഫിലേക്ക് പോവുകയും തിരികെയെത്തി തിരുവനന്തപുരം ചെങ്കോട്ടുകോണം എന്ന സ്ഥലത്ത് താമസം ആരംഭിക്കുകയും ചെയ്തു.

തുടരന്വേഷണത്തിനിടെ പൊലീസ് സജീവിന്റെ സഹോദരിയെ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് ഇയാള്‍ തിരുവനന്തപുരത്ത് താമസിക്കുന്ന കാര്യം മനസിലാക്കിയത്. പിന്നീട് കുറച്ചു നാളായി ഇയാള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നാലെയാണ് അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198310/arrested)