---
title: "പാർട്ടി കോൺഗ്രസ് ചരിത്രസംഭവമാക്കാൻ കണ്ണൂർ സി.പി.എം"
english_title: "Kannur CPM to make party congress historic"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20050/kannur-cpm-to-make-party-congress-historic"
published_at: "2022-01-10T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbae9c1849e_IMG-20220110-WA0033.jpg"
keywords: []
---

# പാർട്ടി കോൺഗ്രസ് ചരിത്രസംഭവമാക്കാൻ കണ്ണൂർ സി.പി.എം

> **Lead Summary:** കണ്ണൂർ: സി.പി.എം. 23-ാം പാർട്ടി കോൺഗ്രസിന്റെ തീയതി പ്രഖ്യാപിച്ചതോടെ ജില്ലിയിൽ ഒരുക്കം ഊർജിതമായി. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പഴയ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് ഞായാറാഴ്ച സന്ധ്യയ്ക്ക് ചുവരെഴുത്ത് ഉദ്ഘാടനം ചെയ്ത് പ്രചാരണത്തിന് ഗതിവേഗം നൽകി.

## Article Content

കണ്ണൂർ: സി.പി.എം. 23-ാം പാർട്ടി കോൺഗ്രസിന്റെ തീയതി പ്രഖ്യാപിച്ചതോടെ ജില്ലിയിൽ ഒരുക്കം ഊർജിതമായി. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പഴയ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് ഞായാറാഴ്ച സന്ധ്യയ്ക്ക് ചുവരെഴുത്ത് ഉദ്ഘാടനം ചെയ്ത് പ്രചാരണത്തിന് ഗതിവേഗം നൽകി.

സാമൂഹികമാധ്യമങ്ങളിൽ ഉച്ചയോടെതന്നെ പ്രചാരണം തുടങ്ങിയിരുന്നു. പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും വാട്‌സാപ്പ് സ്റ്റാറ്റസുകളിലും പ്രചാരണം കൊഴുത്തിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ പലതരത്തിലുള്ള പോസ്റ്ററുകൾ ഇറങ്ങിയിട്ടുണ്ട്‌. പാർട്ടി രൂപംകൊണ്ട പാറപ്രം അടങ്ങുന്ന കണ്ണൂരിൽ ആദ്യമായാണ് കോൺഗ്രസ് നടക്കുന്നത്. കോവിഡ് ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും പകിട്ട്‌ ഒട്ടും കുറയരുതെന്ന് ജില്ലാ നേതൃത്വം ആഗ്രഹിക്കുന്നു. ഏപ്രിൽ ആറുമുതൽ 10 വരെയാണ് സമ്മേളനം.

കേരളത്തിൽ മാത്രമല്ല, ദേശീയതലത്തിൽ പാർട്ടിക്ക് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ലയാണ് കണ്ണൂർ. ഇവിടത്തെ സമ്മേളനം വൻ വിജയമാക്കുമെന്ന് എം.വി. ജയരാജൻ പറഞ്ഞു. ഹോട്ടലുകളിലും മറ്റും മുറികൾ ബുക്ക് ചെയ്തുതുടങ്ങി. 17-നാണ് സ്വാഗതസംഘ രൂപവത്‌കരണ യോഗം. നാലുമണിക്ക് സാധു കല്യാണമണ്ഡപത്തിൽ ചേരുന്ന യോഗത്തിൽ പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും. ബർണശ്ശേരിയിലെ നായനാർ അക്കാദമിയിലാണ് പ്രതിനിധി സമ്മേളനം. 1000 പേർക്കിരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയം അവിട സജ്ജമായി വരികയാണ്. മറ്റ് സന്ദര്യത്‌കരണ പ്രവർത്തനവും നടക്കുന്നു. ജവാഹർ സ്റ്റേഡിയത്തിലായിരിക്കും പൊതുസമ്മേളനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20050/kannur-cpm-to-make-party-congress-historic)