---
title: "കൊട്ടിയൂരിൽ നാളെ പ്രക്കൂഴം "
english_title: "PRAKOOZHAM AT KOTTIYOOR"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200831/prakoozham-at-kottiyoor"
published_at: "2024-04-24T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628b6bab08ce_Ikkare_Kottiyoor_Temple-27052020132700.jpg"
keywords: []
---

# കൊട്ടിയൂരിൽ നാളെ പ്രക്കൂഴം 

> **Lead Summary:**  കൊട്ടിയൂർ: വൈശാഖോത്സവത്തിന്റെ നാളുകുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഏപ്രിൽ 25 ന് ഇക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിൽ നടക്കും. ക്ഷേത്ര അടിയന്തരക്കാരായ ഊരാളന്മാർ, സമുദായി, ഏഴില്ലക്കാർ, കണക്കപിള്ള എന്നിവരുടെ സാന്നിധ്യത്തിലാണ് മഹോത്സവനാളുകൾ കുറിക്കുന്നത്. തണ്ണിംകുടി, നെല്ലളവ്, അവിൽ അളവ്, ആയില്യാർ കാവിൽ ഗൂഢപൂജ എന്നിവയാണ് പ്രക്കൂഴത്തിലെ പ്രധാന ചടങ്ങുകൾ.

## Article Content

 കൊട്ടിയൂർ: വൈശാഖോത്സവത്തിന്റെ നാളുകുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഏപ്രിൽ 25 ന് ഇക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിൽ നടക്കും. ക്ഷേത്ര അടിയന്തരക്കാരായ ഊരാളന്മാർ, സമുദായി, ഏഴില്ലക്കാർ, കണക്കപിള്ള എന്നിവരുടെ സാന്നിധ്യത്തിലാണ് മഹോത്സവനാളുകൾ കുറിക്കുന്നത്. തണ്ണിംകുടി, നെല്ലളവ്, അവിൽ അളവ്, ആയില്യാർ കാവിൽ ഗൂഢപൂജ എന്നിവയാണ് പ്രക്കൂഴത്തിലെ പ്രധാന ചടങ്ങുകൾ.

പ്രക്കൂഴം മുതൽ നെയ്യാട്ടം വരെയുള്ള ദിവസങ്ങളിൽ ഇക്കരെ സന്നിധാനത്തെ ചടങ്ങുകളിൽ ദീപം തെളിയിക്കാനുള്ള പശുവിൻ നെയ്യ് മാലൂർപടി ക്ഷേത്രത്തിൽനിന്ന് സ്ഥാനികനായ കുറ്റേരി നമ്പ്യാരും, ഗണപതി ഹോമത്തിനും നിവേദ്യത്തിനുമുള്ള അവിൽ കാക്കയങ്ങാട് പാലാ നരസിംഹ ക്ഷേത്രത്തിൽനിന്നും സ്ഥാനീകരും ഇക്കരെക്ഷേത്രത്തിലെത്തിക്കും. രാവിലെ കുത്തൂട്ടിൽ ചേരുന്ന അടിയന്തിരയോഗത്തിന് ശേഷമാണ് തണ്ണിംകുടി ചടങ്ങ് നടക്കുക. ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി, പെരുവണ്ണാൻ തുടങ്ങിയവരാണ് 'തണ്ണിംകുടി' ചടങ്ങ് നടത്തുക. അർധരാത്രി ആയില്യാർക്കാവിൽ ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗൂഢപൂജയും ഊരാളൻമാർക്കുള്ള തൃക്കൂർ അരിയളവും ഉണ്ടാകും. വിശിഷ്ടമായ 'അപ്പട' നിവേദ്യവും ഉണ്ടാകും. പ്രക്കൂഴം മുതൽ ഭൂരിഭാഗം അടിയന്തിരക്കാരുടെയും വ്രതാനുഷ്ഠാനങ്ങൾ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200831/prakoozham-at-kottiyoor)