---
title: "കെ.കെ ശൈലജ ടീച്ചറുടെ ആരോഗ്യനില തൃപ്തികരം; മെഡിക്കൽ ബോർഡ്"
english_title: "Kk shylaja teacher"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20462/kk-shylaja-teacher"
published_at: "2022-01-12T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61debb378bc1e_images (17).jpeg"
keywords: []
---

# കെ.കെ ശൈലജ ടീച്ചറുടെ ആരോഗ്യനില തൃപ്തികരം; മെഡിക്കൽ ബോർഡ്

> **Lead Summary:** കണ്ണൂർ (പരിയാരം) : കോവിഡ്ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യു വിൽ പ്രവേശിപ്പിച്ച മുൻ ആരോഗ്യ വകുപ്പുമന്ത്രിയും മട്ടന്നൂർ എം.എൽ.എയുമായ ശ്രീമതി കെ കെ ശൈലജ ടീച്ചറുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു.

## Article Content

കണ്ണൂർ (പരിയാരം) : കോവിഡ്ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യു വിൽ പ്രവേശിപ്പിച്ച മുൻ ആരോഗ്യ വകുപ്പുമന്ത്രിയും മട്ടന്നൂർ എം.എൽ.എയുമായ ശ്രീമതി കെ കെ ശൈലജ ടീച്ചറുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു.

കോവിഡ് പോസിറ്റീവായതിനൊപ്പം കടുത്ത ശരീരവേദനയും ക്ഷീണവും കാരണമാണ് ഇന്നുച്ചയ്ക്ക് 12 മണിയോടെ ശൈലജ ടീച്ചറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ പരിശോധനയ്ക്ക് ശേഷം മോണോക്ലോണൽ ആന്റിബോഡി ഇഞ്ചക്ഷൻ നൽകി. രക്തത്തിൽ ഓക്‌സിജന്റെ അളവ് നോർമൽ ആണെന്നും പ്രമേഹം നിയന്ത്രണവിധേയമാണെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തുകയുണ്ടായി.

എക്‌സ്-റേ, രോഗ തീവ്രത അളക്കുന്നതിനുള്ള പരിശോധനകൾക്കും വിധേയമാക്കി. ഐ.സി.യുവിൽ നിരീക്ഷണം തുടരുന്നതിനും മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ചെയർമാനും ആശുപത്രി സൂപ്രണ്ട് കൺവീനറുമായ പ്രത്യേക മെഡിക്കൽ ബോർഡാണ് ശ്രീമതി കെ കെ ശൈലജ ടീച്ചറെ ചികിത്സിക്കുന്നത്. ജനറൽ മെഡിസിൻ, എമർജൻസി മെഡിസിൻ, ശ്വാസകോശ രോഗ ചികിത്സാവിഭാഗം, കാർഡിയോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ മേധാവിമാരും, പീഡ്‌സെൽ നോഡൽ ഓഫീസറും കോവിഡ് സെൽ നോഡൽ ഓഫീസറും മെഡിക്കൽ ബോർഡ് അംഗങ്ങളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20462/kk-shylaja-teacher)