---
title: "വയനാടിനെ വരൾച്ചാബാധിത ജില്ലയായി പ്രഖ്യാപിച്ച്‌ കർഷകർക്ക്  നഷ്ടപരിഹാരം നൽകണം:  എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205109/kalpetta"
published_at: "2024-05-14T03:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66429016f046a_IMG-20240514-WA0007.jpg"
keywords: []
---

# വയനാടിനെ വരൾച്ചാബാധിത ജില്ലയായി പ്രഖ്യാപിച്ച്‌ കർഷകർക്ക്  നഷ്ടപരിഹാരം നൽകണം:  എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി 

> **Lead Summary:**  **കൽപ്പറ്റ**: വയനാടിനെ വരൾച്ചാബാധിത ജില്ലയായി പ്രഖ്യാപിച്ച്‌ കൃഷിനാശം സംഭവിച്ച കർഷകർക്ക്‌ അർഹമായ നഷ്ടപരിഹാരം നൽകണമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച്‌ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും നിവേദനം നൽകി.

## Article Content

 **കൽപ്പറ്റ**: വയനാടിനെ വരൾച്ചാബാധിത ജില്ലയായി പ്രഖ്യാപിച്ച്‌ കൃഷിനാശം സംഭവിച്ച കർഷകർക്ക്‌ അർഹമായ നഷ്ടപരിഹാരം നൽകണമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച്‌ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും നിവേദനം നൽകി.

വരൾച്ചയിൽ 463.53 ഹെക്ടർ കൃഷി നശിച്ചതായാണ്‌ കൃഷിവകുപ്പിന്റെ കണക്ക്‌. 8.15 കോടി രൂപയുടെ നഷ്ടമാണ്‌ കണക്കാക്കുന്നത്‌. വാഴ, നെല്ല്‌, കുരുമുളക്‌, കാപ്പി, കമുക്‌, ഏലം, ജാതി, റബർ, പച്ചക്കറി കൃഷികളാണ്‌ കൂടുതലായി നശിച്ചത്‌. രൂക്ഷമായ വരൾച്ചയാണ്‌ ജില്ലയെ ബാധിച്ചത്‌.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്‌ പ്രകാരം ജില്ലയിൽ വേനൽമഴയിൽ 65 ശതമാനം കുറവാണുണ്ടായത്‌. കൃഷിനാശത്തിലും യഥാസമയം വേനൽമഴ ലഭിക്കാത്തതിനാൽ കൃഷിചെയ്യാൻ കഴിയാതെയും കർഷകർ വലിയ പ്രതിസന്ധിയിലാണ്‌. കാലവർഷക്കെടുതിപോലെ വരൾച്ചാദുരിതവും കണക്കാക്കി കർഷകർക്ക്‌ നഷ്ടപരിഹാരം നൽകണം. നിലവിലുള്ള വ്യവസ്ഥ പ്രകാരം വരൾച്ചയിൽ കൃഷിനശിച്ചവർക്ക്‌ ഇൻഷുറൻസ്‌ ആനുകൂല്യം മാത്രമേ ലഭിക്കുകയുള്ളൂ.

ഇൻഷുറൻസ്‌ പരിരക്ഷ ഇല്ലാത്ത കർഷകരാണ്‌ കൂടുതലും. ചെറുകിട, നാമമാത്ര കർഷകരാണിവർ. സഹായം ലഭിക്കാതെ ഇവർക്ക്‌ കൃഷിയിൽ തുടരാനാകില്ല. വരൾച്ചാബാധിത പ്രദേശമായി വയനാടിനെ പ്രഖ്യാപിച്ച്‌ സർക്കാർ സഹായം ഉറപ്പാക്കണം. കൺവീനർ സി കെ ശശീന്ദ്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205109/kalpetta)