---
title: "മനേക്കര മനയില്‍ ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവതാമൃത സപ്താഹോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209325/kannur"
published_at: "2024-06-02T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c31a998c1d_IMG-20240602-WA0034.jpg"
keywords: []
---

# മനേക്കര മനയില്‍ ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവതാമൃത സപ്താഹോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം

> **Lead Summary:**  മനേക്കര മനയില്‍ ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവതാമൃത സപ്താഹോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം. സപ്താമഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറക്കൽ ഘോഷയാത്രയും, യജ്ഞാചാര്യവര്യണവും നടന്നു.

## Article Content

 മനേക്കര മനയില്‍ ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവതാമൃത സപ്താഹോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം. സപ്താമഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറക്കൽ ഘോഷയാത്രയും, യജ്ഞാചാര്യവര്യണവും നടന്നു.

സ്വാമി ഉദിത് ചൈതന്യ മുഖ്യയജ്ഞാചാര്യനാണ് സപ്താഹോത്സവം നടത്തുന്നത്. സപ്താഹോത്സവത്തിന് തുടക്കം കുറിച്ച് പ്രദേശത്തെ മുഴുവന്‍ സ്ത്രീകളും പങ്കെടുത്ത് കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു.

മനത്താനത്ത് ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര മനയിൽ ക്ഷേത്രത്തിൽ സമാപിച്ചു. ശേഷം യജ്ഞാചാര്യന്‍ ഉദിത് ചൈതന്യസ്വാമികളെയും കര്‍മ്മികളെയും മനേക്കര പഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്നും താലപ്പൊലി, പഞ്ചവാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് ആനയിച്ചു.

വട്ടക്കുന്നം പ്രിയനാഥൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. തുടർന്ന് യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യ ഭാഗവത മാഹാത്മ്യത്തെ പറ്റി പ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡണ്ട് ആർ. പത്മനാഭൻ അടിയോടി അധ്യക്ഷനായി. ഡോ.കെ.വി ശശിധരൻ അനുഗ്രഹ പ്രഭാഷണം നടത്തി. ധനശ്രേയ പ്രാർത്ഥന നടത്തി. സെക്രട്ടറി ടി.ആർ.സി അടിയോടി സ്വാഗതവും, ജോ. സെക്രട്ടറി എൻ.രവീന്ദ്രൻ നന്ദിയും പറഞ്ഞു. ദിവസവും പ്രഭാതം മുതല്‍ പ്രദോഷം വരെ സപ്താഹ ചടങ്ങുകളും പിന്നീട് ഓരോ ദിവസവും നരസിംഹാവതാരം, ശ്രീകൃഷ്ണാവതാരം, രുഗ്മിണീ സ്വയംവരം, കംസവധം തുടങ്ങിയ ദൃശ്യാവിഷ്‌കാരങ്ങളും ഉണ്ണിയൂട്ട്, ഉറിയടി, തുടങ്ങിയ വഴിപാടുകളും ഒരുക്കിയിട്ടുണ്ട്.എല്ലാ ദിവസവും പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും സായാഹ്നത്തിലും അന്നദാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെ.കെ രാമചന്ദ്രൻ, ട്രഷറര്‍ എം.എം. രാജലക്ഷ്മി, കെ.എം പ്രദീപൻ, ഉദയൻ, ടി.കെ ദാസൻ, എൻ.പി മുകുന്ദൻ, കെ.എം അശ്വന്ത്, ആശാലത, ലീനദേവൻ, ഷിനി, ഫെമിന എന്നിവരും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209325/kannur)