---
title: "ഹയർ സെക്കൻഡറി അധ്യാപകർ അനിശ്ചിതത്വത്തിൽ"
english_title: "Higher secondary teachers in limbo"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209432/higher-secondary-teachers-in-limbo"
published_at: "2024-06-03T05:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d05853e9ac_Screenshot_20240603-052055_Chrome.jpg"
keywords: []
---

# ഹയർ സെക്കൻഡറി അധ്യാപകർ അനിശ്ചിതത്വത്തിൽ

> **Lead Summary:** **തിരുവനന്തപുരം** : സ്ഥലംമാറ്റം കോടതി കയറിയതോടെ അധ്യയന വർഷാരംഭത്തില്‍ എവിടെ നില്‍പ്പുറപ്പിക്കണമെന്നറിയാതെ ഹയർ സെക്കൻഡറി അധ്യാപകർ. നേരത്തെ ഇറക്കിയ ഉത്തരവ് പ്രകാരം ഭൂരിഭാഗം അധ്യാപകരും പുതിയ സ്കൂളുകളില്‍ എത്തിയതിന് പിന്നാലെ സ്ഥലംമാറ്റ പട്ടിക കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു.

## Article Content

**തിരുവനന്തപുരം** : സ്ഥലംമാറ്റം കോടതി കയറിയതോടെ അധ്യയന വർഷാരംഭത്തില്‍ എവിടെ നില്‍പ്പുറപ്പിക്കണമെന്നറിയാതെ ഹയർ സെക്കൻഡറി അധ്യാപകർ. നേരത്തെ ഇറക്കിയ ഉത്തരവ് പ്രകാരം ഭൂരിഭാഗം അധ്യാപകരും പുതിയ സ്കൂളുകളില്‍ എത്തിയതിന് പിന്നാലെ സ്ഥലംമാറ്റ പട്ടിക കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു.

പകരം ഔട്ട് സ്റ്റേഷൻ സർവിസ് ഡ്യൂട്ടിയിലെ സീനിയോറിറ്റി മാതൃജില്ലക്ക് പുറമെ സമീപ ജില്ലകളിലേക്ക് കൂടി പരിഗണിച്ചുള്ള പട്ടിക തയാറാക്കാനും അതുപ്രകരമുള്ള സ്ഥലംമാറ്റം അധ്യയന വർഷം തുടങ്ങുംമുമ്പ് പൂർത്തിയാക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ ചില അധ്യാപകർ ഹൈകോടതിയെ സമീപിച്ചതോടെ തല്‍സ്ഥിതി തുടരാൻ നിർദേശിച്ചിരിക്കുകയാണ്. ട്രൈബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലാണ് ഹൈകോടതി നടപടി. നാളെ (തിങ്കളാഴ്ച) സ്കൂളുകള്‍ തുറക്കുമ്പോഴും ഹയർ സെക്കൻഡറി അധ്യാപകർക്ക് ഏത് സ്കൂളില്‍ ജോലി ചെയ്യണ്ടിവരുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമാണ്.

സ്ഥലംമാറ്റത്തിന് അനുസരിച്ച്‌ കുടുംബത്തോടെ താമസം മാറുന്നതും മക്കള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിലും തീരുമാനമെടുക്കാനാകാത്ത സാഹചര്യം. സ്ഥലംമാറ്റത്തില്‍ ഇനി ഹൈകോടതി വിധി വരട്ടെ എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. അതിനാല്‍ ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരമുള്ള സ്ഥലംമാറ്റത്തിലേക്ക് സർക്കാർ പോകില്ല. 8007 അധ്യാപകരാണ് സ്ഥലംമാറ്റ പട്ടികയിലുണ്ടായിരുന്നത്. 7,618 പേർ ഇതുവരെ സ്ഥലംമാറി. പട്ടിക റദ്ദാക്കിയതോടെ 389 പേരുടെ സ്ഥലംമാറ്റം തടയപ്പെടുകയും ചെയ്തു. പട്ടിക റദ്ദാക്കിയത് ഇതിനകം സ്ഥലംമാറിയവരെയും ബാധിക്കും. പട്ടിക റദ്ദാക്കിയ ട്രൈബ്യൂണല്‍ നടപടി ഹൈകോടതി ശരിവെച്ചാല്‍ പുതിയ പട്ടിക തയാറാക്കി അടിയന്തരമായി വീണ്ടും സ്ഥലംമാറ്റം നടത്തേണ്ടിവരും. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കെതിരെ രണ്ട് കോടതിയലക്ഷ്യ ഹർജികള്‍ ട്രൈബ്യൂണലിന്‍റെ പരിഗണനയിലുമാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209432/higher-secondary-teachers-in-limbo)