---
title: "വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും; ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റ് "
english_title: "Counting of votes will begin at 8 am "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209672/counting-of-votes-will-begin-at-8-am"
published_at: "2024-06-03T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dfd07e649a_VOTE.jpg"
keywords: []
---

# വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും; ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റ് 

> **Lead Summary:** കണ്ണൂർ: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഇവിഎമ്മിലെ വോട്ട് എണ്ണുന്നതിന് 98 ടേബിളുകളാണ് സജ്ജമാക്കിയിട്ടുള്ള്ത്. ഓരോ നിയമസഭാ മണ്ഡലത്തിനും 14 വീതം ടേബിളുകളുണ്ടാകും. ഇതിനു പുറമെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് 34 ടേബിളുകളും ഉണ്ടാകും. ഇടിബിഎസ് (ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റെഡ് പോസ്റ്റല്‍ ബാലറ്റ്) എണ്ണുന്നതിന് 10 ടേബിളുകളും സജ്ജമാക്കിയിട്ടുണ്ട്.

## Article Content

കണ്ണൂർ: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഇവിഎമ്മിലെ വോട്ട് എണ്ണുന്നതിന് 98 ടേബിളുകളാണ് സജ്ജമാക്കിയിട്ടുള്ള്ത്. ഓരോ നിയമസഭാ മണ്ഡലത്തിനും 14 വീതം ടേബിളുകളുണ്ടാകും. ഇതിനു പുറമെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് 34 ടേബിളുകളും ഉണ്ടാകും. ഇടിബിഎസ് (ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റെഡ് പോസ്റ്റല്‍ ബാലറ്റ്) എണ്ണുന്നതിന് 10 ടേബിളുകളും സജ്ജമാക്കിയിട്ടുണ്ട്.

വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്‍ടെക്കില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും ജില്ലാ കലക്ടറുടെയും സിറ്റി പൊലീസ് കമ്മീഷണറുടെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് വോട്ടെണ്ണല്‍ ഒരുക്കങ്ങളുടെ അവസാന ഘട്ട വിലയിരുത്തല്‍ നടത്തി. പൊതു നിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിങ്ങ്, വോട്ടെണ്ണല്‍ നിരീക്ഷകരായ അഭയ് നന്ദകുമാർ കാർഗ്ടുക്കർ, ഭൂപേന്ദ്ര സിങ് പരാസ്തെ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവര്‍ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങളും ക്രമീകരണങ്ങളും നേരിട്ട് വിലയിരുത്തി. ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും അതിന്റെ ഫലം ഉടന്‍ തന്നെ നല്‍കണമെന്നും അനാവശ്യ താമസം വരാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും പൊതു നിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിങ്ങ് നിര്‍ദേശിച്ചു. വോട്ടെണ്ണലിന്റെ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണം. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ അച്ചടക്കം പാലിക്കുന്നതിലും അസി. റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ(ഇവിഎം) വോട്ടുകള്‍ എണ്ണുന്നതിന് ഓരോ നിയമസഭാ മണ്ഡലത്തിനും 14 ടേബിളുകള്‍ വീതം ആകെ 98 ടേബിളുകളാണ് ക്രമീകരിക്കുന്നത്. ബന്ധപ്പെട്ട അസി. റിട്ടേണിങ്ങ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ഇവിഎം വോട്ടുകള്‍ എണ്ണുക. ഒരു സ്ഥാനാര്‍ഥിക്ക് ആകെ 98 ഏജന്റുമാരെ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണുന്ന ടേബിളുകളിലേക്ക് നിയോഗിക്കാം.

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിലേക്ക് 34 ടേബിളുകള്‍ ക്രമീകരിക്കും. ഒരു സ്ഥാനാര്‍ഥിക്ക് ആകെ 34 ഏജന്റുമാരെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്ന ടേബിളുകളിലേക്ക് നിയോഗിക്കാം. റിട്ടേണിങ്ങ് ഓഫീസറായ ജില്ലാ കലക്ടറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക. സര്‍വ്വീസ് വോട്ടുകള്‍ (ഇടിപിബിഎസ്) സ്‌കാന്‍ ചെയ്യുന്നതിലേക്ക് 10 ടേബിളുകള്‍ ഉണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് ഇവിടെ ഒരു ഏജന്റിനെ വെക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209672/counting-of-votes-will-begin-at-8-am)