---
title: "ശസ്ത്രക്രിയയിലെ പിഴവ് ‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ"
english_title: "Periya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209750/periya"
published_at: "2024-06-04T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e95162b774_download_(2)_(16).jpeg"
keywords: []
---

# ശസ്ത്രക്രിയയിലെ പിഴവ് ‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

> **Lead Summary:**  **പേരിയ** : വയനാട് മെഡിക്കല്‍ കോളേജില്‍ നിന്നും വെരിക്കോസ് ശസ്ത്രക്രിയ നടത്തിയ പേര്യ ഊരാച്ചേരി ഹാഷിമിന് കാലിന് ചലനശേഷി നഷ്ടപ്പെടാന്‍ കാരണം ചികിത്സാ പിഴവാണെന്ന പരാതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

## Article Content

 **പേരിയ** : വയനാട് മെഡിക്കല്‍ കോളേജില്‍ നിന്നും വെരിക്കോസ് ശസ്ത്രക്രിയ നടത്തിയ പേര്യ ഊരാച്ചേരി ഹാഷിമിന് കാലിന് ചലനശേഷി നഷ്ടപ്പെടാന്‍ കാരണം ചികിത്സാ പിഴവാണെന്ന പരാതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു. ഹാഷിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ചലനശേഷി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ്, മിംസ് ആശുപത്രി, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ വിദഗ്ധ ചികിത്സ തേടി. പി.എസ്.സി ലിസ്റ്റില്‍ ഉണ്ടായിരുന്ന തനിക്ക് ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം ജോലി നഷ്ടമായെന്നും പരാതിക്കാരന്‍ അറിയിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ടില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. ഡോക്ടര്‍മാരായ സജേഷ്, റാണി എന്നിവരില്‍ നിന്നും വിദഗ്ധ മൊഴി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് റെക്കോര്‍ഡുകള്‍ പരിശോധിച്ചതില്‍ നിന്നും വെരിക്കോസ് ശസ്ത്രക്രിയയ്ക്ക് ശേഷം സംഭവിക്കാവുന്ന ഒരു സാധാരണ കാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടര്‍മാര്‍ സമയോചിതമായി ഇടപെട്ടതുകാരണം രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച് തുടര്‍ചികിത്സ ഉറപ്പാക്കി. ഡോക്ടര്‍മാരുടെ ഭാഗത്ത് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ താന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചെന്നും ഡോ. സജേഷിനും ഡോ. റാണിക്കുമെതിരെ വകുപ്പുതലവന്‍മാര്‍ അച്ചടക്ക നടപടി ആരംഭിച്ചെന്നും കാണിച്ച് ആരോഗ്യ വകുപ്പു സെക്രട്ടറി പരാതിക്കാരന് അയച്ച കത്ത് പരാതിക്കാരന്‍ കമ്മീഷനില്‍ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209750/periya)