---
title: "പരിസ്ഥിതി ദിനത്തിൽ മര തൈകൾ തല കീഴായി നട്ട് കിഫ"
english_title: "Kifa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210116/kifa"
published_at: "2024-06-05T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66608480b85ef_IMG-20240605-WA0061.jpg"
keywords: []
---

# പരിസ്ഥിതി ദിനത്തിൽ മര തൈകൾ തല കീഴായി നട്ട് കിഫ

> **Lead Summary:** ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന്, വനം വകുപ്പ് സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി നടത്തുന്ന മരതൈ നടൽ വെറും പ്രഹസനമാണെന്ന് ആരോപിച്ചുകൊണ്ട് സംസ്ഥാനമൊട്ടാകെ കർഷകരെ ഉൾപ്പെടുത്തി മരത്തെകൾ തലകീഴായി നട്ട് പ്രതിഷേധിച്ച് കിഫ.

## Article Content

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന്, വനം വകുപ്പ് സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി നടത്തുന്ന മരതൈ നടൽ വെറും പ്രഹസനമാണെന്ന് ആരോപിച്ചുകൊണ്ട് സംസ്ഥാനമൊട്ടാകെ കർഷകരെ ഉൾപ്പെടുത്തി മരത്തെകൾ തലകീഴായി നട്ട് പ്രതിഷേധിച്ച് കിഫ.

ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിൽ യുവ കർഷകർ ഉൾപ്പെടെ പ്രതീകാത്മക പ്രതിഷേധ പരിപാടിയിൽ അണിനിരന്നു. ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷകർ കർഷകരാണെന്നും, അവർ ദിനംപ്രതി നട്ടു പരിപാലിക്കുന്ന മരത്തൈകൾ ആണ് കേരളത്തിന്റെ പച്ചപ്പ് എന്നും, വനം വകുപ്പ് നടുന്ന തേക്കും, അക്കേഷ്യയും, യൂക്കാലിയുമെല്ലാം നിർബാധം മുറിച്ച് കടത്താനുള്ള ഉപാധി മാത്രമാണെന്നും, എന്നാൽ കർഷകൻ ഒരു മരം മുറിച്ചാൽ അവരുടെ മേൽ കരി നിയമങ്ങൾ ചുമത്തുന്ന പ്രവണതയാണ് ഇവിടെ നിലനിൽക്കുന്നതെന്നും കിഫ പ്രതിനിധികൾ ആരോപിച്ചു.

വർഷാവർഷം പരിസ്ഥിതി ദിനത്തിൽ പൊതു ഖജനാവിൽ നിന്ന് കോടികൾ ചിലവിട്ട് മരത്തൈകൾ നടുകയും, പിന്നീട് തിരിഞ്ഞു നോക്കാതെ നശിപ്പിക്കപ്പെടുകയും, വീണ്ടും പിറ്റേ വർഷം അതേ കുഴിയിൽ മരത്തൈകൾ നടുന്ന പ്രഹസനം ആവർത്തിക്കപ്പെടുകയുമാണ് അരങ്ങേറുന്നതെന്ന് കിഫ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് പ്രിൻസ് ദേവസ്യ, സെക്രട്ടറി റോബിൻ എം ജെ എന്നിവർ പറഞ്ഞു.

ഇത്ര മരത്തൈകൾ നട്ടു, അതുവഴി വനം വളർത്തി എന്ന കണക്കുകൾ കാണിച്ച് കാർബൺ ഫണ്ട് കരസ്ഥമാക്കി, കർഷകനെ കുടിയിറക്കാൻ പ്രേരിപ്പിക്കുകയാണെന്നും, ആഗോളതാപനത്തിന്റെ ശാശ്വത പരിഹാരം മരം നടീൽ അല്ല എന്നും കിഫയുടെ പത്രക്കുറിപ്പിൽ പ്രസ്താവിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210116/kifa)