---
title: "ആറളത്തിൻ്റെ കാവലാളായി ലക്ഷ്മണേട്ടൻ; വനപാലകർക്ക് വഴികാട്ടിയായി അരനൂറ്റാണ്ട്"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210215/kelakam"
published_at: "2024-06-06T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661445d53fc6_IMG-20240606-WA0014.jpg"
keywords: []
---

# ആറളത്തിൻ്റെ കാവലാളായി ലക്ഷ്മണേട്ടൻ; വനപാലകർക്ക് വഴികാട്ടിയായി അരനൂറ്റാണ്ട്

> **Lead Summary:** **കേളകം**: കേളകം പഞ്ചായത്തിലെ വാളുമുക്ക് ആദിവാസി കോളനിയിലെ കുളങ്ങരേത്ത് ലക്ഷ്മണൻ ആറളം വനത്തിൻ്റെ കാവാലാളായിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. 55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ആറളം വനത്തിൻ്റെ ഓരോ മുക്കും മൂലകളും ഈ എഴുപത് പിന്നിട്ട ലക്ഷ്മണൻ്റെ പാദസ്പർശനമേറ്റ പ്രദേശങ്ങളാണ്. ഇന്ന് ആറളം വന്യജീവി സങ്കേതത്തിലെ താൽകാലിക വാച്ചറായ ലക്ഷ്മണന് ആരോടും പരാതികളോ പരിഭ വങ്ങളോ ഇല്ല. ഒന്നര രൂപ കൂലിക്കാരനായി വന നിരീക്ഷകനായി ആറളത്ത് വന സേവനം തുടങ്ങിയ ഇദ്ദേഹത്തിൻ്റെ സേവനം ഉപയോഗപ്പെടുത്തിയാണ് ഇന്നും വന നിരീക്ഷണം നടത്തുന്നത്. മീൻമുട്ടി വെള്ളച്ചാട്ടവും, ഭൂതം കല്ലും, പക്ഷിപാതാളവും, രാമച്ചി വെള്ളച്ചാട്ടവും, കുടക് വനത്തോട് ചേർന്ന ആറളത്തിൻ്റെ ഗിരിശൃംഗമായ അമ്പലപ്പാറയും വരെ ഇന്നും കുതിച്ച് പായാൻ മനക്കരുത്തുള്ളത് ലക്ഷ്മണേട്ടൻ്റെ സംഘത്തിനാണ്.

## Article Content

**കേളകം**: കേളകം പഞ്ചായത്തിലെ വാളുമുക്ക് ആദിവാസി കോളനിയിലെ കുളങ്ങരേത്ത് ലക്ഷ്മണൻ ആറളം വനത്തിൻ്റെ കാവാലാളായിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. 55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ആറളം വനത്തിൻ്റെ ഓരോ മുക്കും മൂലകളും ഈ എഴുപത് പിന്നിട്ട ലക്ഷ്മണൻ്റെ പാദസ്പർശനമേറ്റ പ്രദേശങ്ങളാണ്. ഇന്ന് ആറളം വന്യജീവി സങ്കേതത്തിലെ താൽകാലിക വാച്ചറായ ലക്ഷ്മണന് ആരോടും പരാതികളോ പരിഭ വങ്ങളോ ഇല്ല. ഒന്നര രൂപ കൂലിക്കാരനായി വന നിരീക്ഷകനായി ആറളത്ത് വന സേവനം തുടങ്ങിയ ഇദ്ദേഹത്തിൻ്റെ സേവനം ഉപയോഗപ്പെടുത്തിയാണ് ഇന്നും വന നിരീക്ഷണം നടത്തുന്നത്. മീൻമുട്ടി വെള്ളച്ചാട്ടവും, ഭൂതം കല്ലും, പക്ഷിപാതാളവും, രാമച്ചി വെള്ളച്ചാട്ടവും, കുടക് വനത്തോട് ചേർന്ന ആറളത്തിൻ്റെ ഗിരിശൃംഗമായ അമ്പലപ്പാറയും വരെ ഇന്നും കുതിച്ച് പായാൻ മനക്കരുത്തുള്ളത് ലക്ഷ്മണേട്ടൻ്റെ സംഘത്തിനാണ്.

ആറളം വനം സർക്കാർ ഏറ്റെടുത്ത് വന്യ ജീവി സങ്കേതമാക്കുന്നതിന് മുമ്പ് മുതൽ ആറളം വനത്തിൻ്റെ തുടിപ്പുകളറിയുന്നവരിൽ അവശേഷിക്കുന്നയാൾ ലക്ഷ്മണേട്ടൻ മാത്രമാണെന്ന് നാട്ടുകാരും ഓർക്കുന്നു.

കാട്ടാനകളുടെയും, കടുവകളുടെയും, പുലി, കാട്ട് പന്നി തുടങ്ങി ഷുദ്രജീവികളുടെയും മുമ്പിൽ അകപ്പെട്ട സംഭവങ്ങൾ പല തവണ ഉണ്ടായിട്ടുണ്ടെങ്കിലും ഭയം ലവലേശമില്ല ലക്ഷ്മണന്. പ്രഭാതം മുതൽ പ്രദോഷം വരെ വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് അവർക്ക് മുന്നെ വഴികാട്ടിയായി വെളിച്ചം തെളിക്കുകയാണ് വാളുമുക്ക് കോളനി നിവാസികളുടെയും ഉറ്റബന്ധുവായ കുളങ്ങരേത്ത് ലക്ഷ്മണൻ. വനം വാച്ചർമാർക്ക് മാസങ്ങളായി ശമ്പളം ലഭിക്കാത്ത സന്ദർഭങ്ങൾ തുടരുമ്പോഴും പരാതി പറയാതെ തൻ്റെ കൂട്ടാളികളെയുമായി വനാന്തരത്തിലേക്ക് കാനന സംരക്ഷകനായി സേവനതൽപരതയോടെ ഊളിയിട്ടിറങ്ങാൻ എന്നും വെമ്പലാണ് അദ്ദേഹത്തിന്. ലോക പരിസ്ഥിതി ദിനങ്ങളിൽ നമ്മൾ സ്നേഹത്തോടെ ഓർക്കേണ്ടവരിൽ മുൻപന്തിയിലാണ് ഇത്തരം ലക്ഷ്മണൻമാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210215/kelakam)