---
title: "പന്തീരാങ്കാവ് കേസിലെ പരാതിക്കാരി കസ്റ്റഡിയിൽ"
english_title: "Kochi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212036/kochi"
published_at: "2024-06-14T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666bb5315c135_Screenshot_20240614-084223_Samsung_Internet.jpg"
keywords: []
---

# പന്തീരാങ്കാവ് കേസിലെ പരാതിക്കാരി കസ്റ്റഡിയിൽ

> **Lead Summary:** **കൊച്ചി**: പന്തീരാങ്കാവ് സ്ത്രീധന പീഡന കേസിലെ പരാതിക്കാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് നെടുമ്പാശേരിയിൽ വച്ച് വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

**കൊച്ചി**: പന്തീരാങ്കാവ് സ്ത്രീധന പീഡന കേസിലെ പരാതിക്കാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് നെടുമ്പാശേരിയിൽ വച്ച് വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്.

യുവതിയെ കാണാനില്ലെന്ന് അച്ഛൻ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. യുവതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഏതാനും ദിവസം മുമ്പ് പന്തീരങ്കാവ് കേസിൽ ട്വിസ്റ്റുണ്ടാവുകയും യുവതി സ്വന്തം കുടുംബത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ ഭർത്താവിനും ഭർതൃകുടുംബത്തിനും പൊലീസിനുമെതിരെ പരാതിയുന്നയിക്കുകയും രഹസ്യമൊഴിയുൾപ്പെടെ നൽകുകയും ചെയ്ത യുവതി പിന്നീട് മലക്കംമറിയുകയായിരുന്നു. കുറ്റബോധം കൊണ്ടാണ് ഇപ്പോൾ സത്യങ്ങൾ വെളിപ്പെടുത്തുന്നതെന്ന് വ്യക്തമാക്കിയായിരുന്നു യുവതി യൂട്യൂബ് വീഡിയോയിലൂടെ രംഗത്തെത്തിയത്.

വീട്ടുകാരുടെ സമ്മർദം മൂലമാണ് താൻ നേരത്തെ അങ്ങനെയൊക്കെ പറഞ്ഞതെന്നും പ്രശനം വഷളാക്കിയത് ബന്ധുക്കളാണെന്നും ഭർത്താവ് രാഹുലിന്റെ ഭാഗത്തുനിന്നും സ്ത്രീധനം സംബന്ധിച്ച ചർച്ചകളുണ്ടായിട്ടില്ലെന്നും യുവതി വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. തനിക്ക് പരാതിയില്ലെന്ന് പന്തീരങ്കാവ് പൊലീസിനോട് പറഞ്ഞതാണെന്നും രാഹുലിന്റെ കൂടെ പോകണമെന്നാണ് താൻ നിലപാടെടുത്തതെന്നും എന്നാൽ അച്ഛന്റെ സമ്മർദം മൂലമാണ് കുടുംബത്തോടൊപ്പം പോയതെന്നും യുവതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വീട്ടുകാർ യുവതിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭ്യമായിരുന്നില്ല. ഇതേ തുടർന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212036/kochi)