---
title: "വൈശാഖ മഹോത്സവം കഴിഞ്ഞു; മണത്തണ ചപ്പാരം ക്ഷേത്രത്തിൽ 'തക്കുറി' അടിയന്തിരം നാളെ"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212930/manathana"
published_at: "2024-06-18T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66713821a6aa2_IMG-20240618-WA0027.jpg"
keywords: []
---

# വൈശാഖ മഹോത്സവം കഴിഞ്ഞു; മണത്തണ ചപ്പാരം ക്ഷേത്രത്തിൽ 'തക്കുറി' അടിയന്തിരം നാളെ

> **Lead Summary:**  **മണത്തണ**: വൈശാഖ മഹോത്സവം തൃക്കലശാട്ടോടെ സമാപനമായി. ഇന്ന് അക്കരെ സന്നിധാനത്ത് 'വറ്റടി' ചടങ്ങ് നടക്കും. പടിഞ്ഞിറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടക്കുന്ന താന്ത്രിക കർമ്മങ്ങൾക്ക് ശേഷം സ്വയംഭൂ ശില സ്ഥിതി ചെയ്യുന്ന കുഴി (നാളം) അഷ്ടബന്ധം ഉപയോഗിച്ച് മൂടുന്നത് 'വറ്റടി' ചടങ്ങിന് ശേഷമാണ്. ഗോപ്യമായി നടക്കുന്ന ഈ ചടങ്ങ് ദർശിക്കുന്നതിനോ അക്കരെ സന്നിധാനത്ത് പ്രവേശിക്കുന്നതിനോ മറ്റാർക്കും അനുവാദമില്ല. നാളെയാണ് മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ 'തക്കുറിഅടിയന്തിരം' നടക്കുന്നത്.

## Article Content

 **മണത്തണ**: വൈശാഖ മഹോത്സവം തൃക്കലശാട്ടോടെ സമാപനമായി. ഇന്ന് അക്കരെ സന്നിധാനത്ത് 'വറ്റടി' ചടങ്ങ് നടക്കും. പടിഞ്ഞിറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടക്കുന്ന താന്ത്രിക കർമ്മങ്ങൾക്ക് ശേഷം സ്വയംഭൂ ശില സ്ഥിതി ചെയ്യുന്ന കുഴി (നാളം) അഷ്ടബന്ധം ഉപയോഗിച്ച് മൂടുന്നത് 'വറ്റടി' ചടങ്ങിന് ശേഷമാണ്. ഗോപ്യമായി നടക്കുന്ന ഈ ചടങ്ങ് ദർശിക്കുന്നതിനോ അക്കരെ സന്നിധാനത്ത് പ്രവേശിക്കുന്നതിനോ മറ്റാർക്കും അനുവാദമില്ല. നാളെയാണ് മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ 'തക്കുറിഅടിയന്തിരം' നടക്കുന്നത്.

വൈശാഖമഹോത്സവം തുടങ്ങുന്നതിന് മുൻപും അവസാനിച്ചതിന് ശേഷവും ചപ്പാരം ഭഗവതിക്ക് അടിയന്തിരം വഴിപാട് നടത്തണമെന്നാണ് ആചാരം. ശ്രീചക്ര പൂജ അടക്കമുള്ള ഒരു ദിവസത്തെ പൂജാ ചടങ്ങുകളും തുടർന്ന് ഉച്ചയ്ക്കുള്ള സദ്യയുമാണ് തക്കുറിഅടിയന്തിരത്തിനുള്ളത്. കൊട്ടിയൂർ ദേവസ്വമാണ് നാളത്തെ തക്കുറി അടിയന്തിരം നടത്തുന്നത്. കൊട്ടിയൂരിലെ നാല് ഊരാളന്മാരും അടിയന്തിരത്തിന് നിർബന്ധമായും പങ്കെടുക്കണമെന്നാണ് ആചാരം. കൊട്ടിയൂർ ക്ഷേത്രത്തിന്റെ പ്രധാന ഉപദേവതയാണ് ചപ്പാരം ഭഗവതി.

വൈശാഖ മഹോത്സവ സമയത്ത് അക്കരെ സന്നിധാനത്ത് ഭണ്ഡാരഅറയിൽ (വാളറ) വാളശ്ശൻമാർ പൂജ ചെയ്യുന്നത് ചപ്പാരം ക്ഷേത്ര വാളുകൾക്കാണ്. വൈശാഖമഹോത്സവം അവസാനിക്കുന്നതോടെ ദേവീദേവന്മാരുടെ തിടമ്പുകൾ ഇക്കരെ ക്ഷേത്രത്തിലേക്കും വാളുകൾ മണത്തണ ചപ്പാരം ക്ഷേത്രത്തിലേക്കും തിരിച്ച് എഴുന്നള്ളിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212930/manathana)