---
title: "കാട്ടാന ശല്യം; 'ജനങ്ങളുടെ രോദനം പതിച്ചത് ബധിര കർണ്ണങ്ങളിൽ': മാർ പാംപ്ലാനി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213085/iritty"
published_at: "2024-06-19T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667250537603e_IMG-20240619-WA0007.jpg"
keywords: []
---

# കാട്ടാന ശല്യം; 'ജനങ്ങളുടെ രോദനം പതിച്ചത് ബധിര കർണ്ണങ്ങളിൽ': മാർ പാംപ്ലാനി

> **Lead Summary:** ** ഇരിട്ടി:** പാലത്തിൻ കടവ്, കച്ചേരിക്കടവ് ഗ്രാമങ്ങളിലെ കാട്ടാന ഭീഷണി ജനങ്ങളുടെ രോദനങ്ങൾ പതിച്ചത് വനം വകുപ്പ് മന്ത്രിയടക്കം അധികാരികളുടെ ബധിര കർണ്ണങ്ങളിൽ ആണെന്ന് തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

## Article Content

** ഇരിട്ടി:** പാലത്തിൻ കടവ്, കച്ചേരിക്കടവ് ഗ്രാമങ്ങളിലെ കാട്ടാന ഭീഷണി ജനങ്ങളുടെ രോദനങ്ങൾ പതിച്ചത് വനം വകുപ്പ് മന്ത്രിയടക്കം അധികാരികളുടെ ബധിര കർണ്ണങ്ങളിൽ ആണെന്ന് തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

കാട്ടാന ഭീഷണിയിൽ നിന്നു ജനങ്ങളെ സംരംക്ഷിക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്കു രൂപം കൊടുക്കുമെന്നു അദ്ദേഹം പറഞ്ഞു . പാലത്തുംകടവിൽ കഴിഞ്ഞ ദിവസം കാട്ടാന കൃഷി നശിപ്പിച്ച പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു ആർച്ച് ബിഷപ്. പ്രാണ ഭയത്തോടെയാണ് മലയോര ജനത കഴിയുന്നത്.

കാട്ടാനകളുടെ ഭീതിയുടെ നിഴലിൽ നിർത്തിക്കൊണ്ട് എങ്ങനെ ഒരു ഭരണകൂടം തങ്ങളുടെ കടമകൾ നിറവേറ്റി എന്ന് പറയാൻ കഴിയുമെന്നും വിഷയത്തിൽ സത്വര നടപടി സ്വീകരിക്കണം എന്നും പിതാവ് ഗവർമെന്റിനോട് ആവശ്യപ്പെട്ടു . ആറളം ഫാമിൽ നിന്നു തുരത്തുന്ന കാട്ടാനകൾ ഉൾപ്പെടെ പാലത്തിൻകടവിൽ എത്തുന്നുണ്ട്.

കർണാടകയുടെ ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തിൽ നിന്നു കാട്ടാനക്കൂട്ടം എത്തുന്നുണ്ട്. പ്രശ്നങ്ങൾ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്‌ടർ ഫാ. ഫിലിപ്പ് കവിയിൽ ചിഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദിൻ്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നു അദ്ദേഹം ഞങ്ങളുമായി ചർച്ച നടത്തിയിരുന്നു.

ഇന്നു പാലത്തിൻകടവിൽ കണ്ണൂർ ഡിഎഫ്ഒ സന്ദർശിച്ചു കർഷകരുമായി സംസാരിക്കുമെന്നു അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും ആർച്ച് ബിഷപ് പറഞ്ഞു. വികാരി ജനറൽ മോൺ സെബാസ്റ്റ്യൻ പാലാക്കുഴി, അതിരൂപതാ പാസ്‌റ്ററൽ കോ - ഓർഡിനേറ്ററും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്‌ടറുമായ ഫാ. ഫിലിപ്പ് കവിയിൽ, പാലത്തിൻകടവ് സെൻ്റ് ജോസഫ് പള്ളി വികാരി ഫാ. ജോൺ പോൾ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റജി കോട്ടയിൽ, അയ്യൻകുന്ന് പഞ്ചായത്ത് അംഗം ബിജോയി പ്ലാത്തോട്ടം, കത്തോലിക്കാ കോൺഗ്രസ് അതിരൂപതാ വൈസ് പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം എന്നിവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213085/iritty)