---
title: "കൽപ്പറ്റ നഗരസഭ ജി ഐ എസ് മാപ്പിങ് ഡ്രോൺ സർവ്വേ ആരംഭിച്ചു"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213328/kalpetta"
published_at: "2024-06-20T05:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66736e4f60a91_IMG-20240620-WA0003.jpg"
keywords: []
---

# കൽപ്പറ്റ നഗരസഭ ജി ഐ എസ് മാപ്പിങ് ഡ്രോൺ സർവ്വേ ആരംഭിച്ചു

> **Lead Summary:** **കൽപ്പറ്റ** :കൽപ്പറ്റ നഗരസഭ നടപ്പിലാക്കുന്ന സമഗ്ര ജി ഐ എസ് മാപ്പിംഗ് പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവ്വേക്ക് കൽപ്പറ്റയിൽ തുടക്കമായി. നൂതന സാങ്കേതിക വിദ്യകളായ ഡ്രോൺ, ഡി ജി പി എസ്, ജി പി എസ്, പ്രത്യേകം രൂപപ്പെടുത്തിയ മൊബൈൽ ആപ്ളിക്കേഷൻ തുടങ്ങിയവയുടെ സഹായത്തോടെ നഗരസഭ പരിധിയിലെ മുഴുവൻ പൊതു, സ്വകാര്യ ആസ്തികളും അവയുടെ അടിസ്ഥാന വിവരങ്ങളോടു കൂടി മാപ് ചെയ്യുകയും അവ വിശകലന സൗകര്യത്തോട് കൂടിയ വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്യുകയുംവഴി ആവശ്യമായ വിവരങ്ങൾ ആവശ്യമുള്ള രീതിയിൽ ജീവനക്കാരുടെയും ജനപ്രധിനിതികളുടെയും വിരൽത്തുമ്പിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം.

## Article Content

**കൽപ്പറ്റ** :കൽപ്പറ്റ നഗരസഭ നടപ്പിലാക്കുന്ന സമഗ്ര ജി ഐ എസ് മാപ്പിംഗ് പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവ്വേക്ക് കൽപ്പറ്റയിൽ തുടക്കമായി. നൂതന സാങ്കേതിക വിദ്യകളായ ഡ്രോൺ, ഡി ജി പി എസ്, ജി പി എസ്, പ്രത്യേകം രൂപപ്പെടുത്തിയ മൊബൈൽ ആപ്ളിക്കേഷൻ തുടങ്ങിയവയുടെ സഹായത്തോടെ നഗരസഭ പരിധിയിലെ മുഴുവൻ പൊതു, സ്വകാര്യ ആസ്തികളും അവയുടെ അടിസ്ഥാന വിവരങ്ങളോടു കൂടി മാപ് ചെയ്യുകയും അവ വിശകലന സൗകര്യത്തോട് കൂടിയ വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്യുകയുംവഴി ആവശ്യമായ വിവരങ്ങൾ ആവശ്യമുള്ള രീതിയിൽ ജീവനക്കാരുടെയും ജനപ്രധിനിതികളുടെയും വിരൽത്തുമ്പിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം.

പദ്ധതിയുടെ ഉൽഘാടനം നഗരസഭ ചെയർമാൻ അഡ്വ. ഐസക്ക് ടി.ജെ നിർവ്വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ സരോജിനി ഓടമ്പത്ത്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. എ.പി. മുസ്തഫ, ആയിഷ പള്ളിയാൽ, രാജാറാണി, നഗരസഭ സെക്രട്ടറി അലി അഷ്ഹർ , എഞ്ചിനീയർ മുനവ്വർ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ ജൈന ജോയി, റജുല കെ, പി.കുഞ്ഞുട്ടി , സാജിത മജീദ്, നഗരസഭാ ജീവനക്കാർ, യു എൽ സി സി പ്രതിനിധികൾ, തുടങ്ങിയവർ സംബന്ധിച്ചു.

കൽപ്പറ്റ നഗരസഭയുടെ ആകാശത്തു രണ്ടുദിവസം ഡ്രോൺ ഉണ്ടാകുമെന്നും ആരും ഇതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. പദ്ധതിയുമായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും പദ്ധതിയുടെ ഭാഗമായുള്ള കെട്ടിട സർവ്വേയുമായി പഞ്ചായത്ത് നിയോഗിക്കുന്ന ആളുകൾ സമീപിക്കുമ്പോൾ പൂർണവും സത്യസന്ധവും കൃത്യവുമായ വിവരങ്ങൾ നൽകണമെന്നും അധികൃതർ അറിയിച്ചു. ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്താൽ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം നഗരസഭ പരിധിയിലെ മുഴുവൻ കെട്ടിടങ്ങളും ഫോട്ടോ ഉൾപ്പടെയുള്ള സമ്പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തി മാപ് ചെയ്യുന്നതോടൊപ്പം റോഡ്, പാലം, കൽവെർട്, ഡ്രൈനേജ്, കനാൽ, ലാൻഡ്മാർക്, തണ്ണീർത്തടങ്ങൾ, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകൾ എന്നിവ ഒരു വെബ്പോർട്ടലിൽ ആവശ്യാനുസരണം സേർച്ച് ചെയ്ത പരിശോധിക്കാൻ കഴിയും വിധമാണ് തയ്യാർ ചെയ്യുന്നത്. ആധുനികതയിലൂന്നിയ ആസൂത്രണം, കൃത്യതയാർന്ന പദ്ധതി വിഭാവന-നിർവഹണം, ക്ഷേമപദ്ധതികൾ ഏറ്റവും അർഹരിലേക് എത്തിക്കുക, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഏറ്റവും കൃത്യതയോടെ നടപ്പിലാക്കാൻ സഹായിക്കുന്നതോടൊപ്പം കൃഷി, വ്യവസായം, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾ കാര്യക്ഷമമായി പ്രാവർത്തികമാക്കാനും സഹായിക്കുന്നു നഗരസഭയുടെ സമഗ്ര വികസനം ശാസ്ത്രീയമായി സാധ്യമാക്കാൻ പദ്ധതി സഹായകമാകുമെന്നും കെ സ്മാർട്ട് ഉൾപ്പടെയുള്ള പദ്ധതികൾക്ക് ഇത് ഏറെ പ്രയോജനപ്രദമാണെന്നും സത്യസന്ധമായ വിവരങ്ങൾ നൽകി മുഴുവൻ ആളുകളും ഇതുമായി പൂർണമായും സഹകരിക്കണമെന്നും നഗരസഭ അറിയിച്ചു.

പൊതുജനങ്ങളുടെ സഹകരണമാണ് ഏതൊരു പദ്ധതിയുടെയും വിജയത്തിന്റെ അടിസ്ഥാനമെന്നും വീടുതോറുമുള്ള വിവര ശേഖരണ സർവ്വെയ്ക് ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും അധികൃതർ പറഞ്ഞു. സത്യസന്ധവും പൂർണവുമായ വിവരങ്ങൾ നൽകുന്നതിലൂടെ ഈ പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാന ശിലയായി മാറാൻ പൊതുജനത്തിന് സാധിക്കും. അതിനാൽ ഈ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക് എല്ലാവരും സഹകരിക്കണമെന്ന് നഗരസഭ അഭ്യർത്ഥിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213328/kalpetta)