കോട്ടയം: കോട്ടയത്ത് കൗമാരക്കാരനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്പില് കൊണ്ടിട്ട സംഭവത്തില്‍ അഞ്ച് പേര് കൂടി അറസ്റ്റില്‍.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായത്. ഷാനിനെ കൊലപ്പെടുത്താന്‍ തന്നെയാണ് ഇവര്‍ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയതെന്നും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. അതേസമയം, മരണകാരണം തലച്ചോറിലെ രക്തസ്രാവമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പട്ടിക പോലെയുള്ള വസ്തു ഉപയോഗിച്ച് തലയ്ക്ക് അടിച്ചതായും ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ നിരവധി പാടുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇന്നു പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ജോമോന് ഇന്നലെ രാത്രിയോടെയാണ് ഷാനിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയത്. രാത്രി ഒന്നായിട്ടും മകന് വീട്ടിലെത്താഞ്ഞതിനാല്‍ ഷാന്‍ ബാബുവിന്റെ അമ്മ രാത്രിതന്നെ പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തി. എന്നാല്‍ പുലര്‍ച്ചയോടെ ഷാന്റെ മൃതദേഹവുമായി ജോമോന് പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഷാന്‍ ബാബുവിന്റെ മൃതദേഹം ചുമലിലേറ്റി വന്ന ജോമോന്, ഞാനൊരാളെ തീര്‍ത്തു എന്ന് അട്ടഹസിച്ചു. സ്റ്റേഷനില്‍ അതിക്രമം കാട്ടി. ലഹരിയുടെ സ്വാധീനത്തിലായിരുന്നു ഇയാള്‍. ജോമോനെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം, ഷാന്‍ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു. 2021 നവംബര്‍ 19-നാണ് ജോമോനെ കാപ്പ ചുമത്തി ജില്ലാ പോലീസ് ചീഫ് ജില്ലയില്‍ നിന്നും നാട് കടത്തിയത്. ഇതിനെതിരെ അപ്പീല്‍ നല്കി ഇളവു വാങ്ങി ജില്ലയില്‍ എത്തിയാണ് ക്രൂരമായ കൊലപാതകം നടത്തിയിരിക്കുന്നത്.
Kottayam murder