---
title: "കൂട്ടിലായ കടുവ അധികൃതരുടെ നിരീക്ഷണത്തിൽ"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214480/wayanad"
published_at: "2024-06-24T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6679078d6449f_Screenshot_20240624-111102_WhatsAppBusiness.jpg"
keywords: []
---

# കൂട്ടിലായ കടുവ അധികൃതരുടെ നിരീക്ഷണത്തിൽ

> **Lead Summary:**  **കൽപ്പറ്റ**: ഇന്നലെ രാത്രി കേണിച്ചിറ എടക്കാടിനു സമീപം കൂട്ടിലായ കടുവ അധികൃതരുടെ നിരീക്ഷണത്തില്‍. സൗത്ത് വയനാട് വനം ഡിവിഷനിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ വളപ്പിലാണ് കടുവ നിലവിലുള്ളത്. ഇതിനെ എവിടേക്ക് മാറ്റണമെന്നതില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശം ലഭിച്ചിട്ടില്ല. അവശനിലയിലാണ് 10 വയസ് മതിക്കുന്ന ആണ്‍ കടുവ.

## Article Content

 **കൽപ്പറ്റ**: ഇന്നലെ രാത്രി കേണിച്ചിറ എടക്കാടിനു സമീപം കൂട്ടിലായ കടുവ അധികൃതരുടെ നിരീക്ഷണത്തില്‍. സൗത്ത് വയനാട് വനം ഡിവിഷനിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ വളപ്പിലാണ് കടുവ നിലവിലുള്ളത്. ഇതിനെ എവിടേക്ക് മാറ്റണമെന്നതില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശം ലഭിച്ചിട്ടില്ല. അവശനിലയിലാണ് 10 വയസ് മതിക്കുന്ന ആണ്‍ കടുവ.

ദേഹത്ത് ചെറിയ മുറിവുകളുണ്ട്. ചില പല്ലുകള്‍ക്ക് പൊട്ടലുള്ളതായി സൂചനയുണ്ട്. ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ വിശദ പരിശോധനയിലേ ഇക്കാര്യത്തില്‍ വ്യക്തതയാകൂ. തോല്‍പ്പെട്ടി 17 എന്ന കടുവയാണ് കൂട്ടിലായത്. കേണിച്ചിറ എടക്കാട് നാല് ദിവസം മുമ്പാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. എടക്കാടിലെ തേക്കെപുന്നാപ്പള്ളില്‍ വര്‍ഗീസിന്റെ മൂന്നു വയസുള്ള കറവപ്പശുവിനെ കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം കടുവ കൊന്നിരുന്നു. മാന്തടത്തില്‍ സ്വകാര്യ സ്ഥലത്ത് കെട്ടിയ പശുവിനെയാണ് കടുവ പിടിച്ചത്. ഇതേത്തുടര്‍ന്ന് കടുവയെ പിടിക്കുന്നതിന് വെള്ളിയാഴ്ച മാന്തടത്തില്‍ കൂട് സ്ഥാപിച്ചിരുന്നു. ശനിയാഴ്ച രാത്രി കടുവ എടക്കാടില്‍ മൂന്നു പശുക്കളെക്കൂടി കൊന്നു.

ഈ സാഹചര്യത്തില്‍ ടെക്‌നിക്കല്‍ കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ കടുവയെ മയക്കുവെടിവച്ച് പിടിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായി. കടുവയെ കണ്ടെത്തി മയക്കുവെടി പ്രയോഗിക്കുന്നതിനു വനസേന സന്നാഹാം നടത്തുന്നതിനിടെ ഞായറാഴ്ച രാത്രി 11 ഓടെയാണ് കടുവ കൂട്ടിലായത്.  ബത്തേരി കുപ്പാടി പച്ചാടിയില്‍ വനം-വന്യജീവി വകുപ്പിന്റെ വന്യമൃഗ അഭയകേന്ദ്രമുണ്ട്. ഇവിടെ കൂടുതല്‍ കടുവകളെ പാര്‍പ്പിക്കുന്നതിനു സൗകര്യമില്ല. കടുവയ്ക്ക് പരിക്കുള്ളതിനാല്‍ വനത്തില്‍ തുറന്നുവിടാന്‍ കഴിയില്ല.

എന്നിരിക്കേ കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാനാണ് സാധ്യതയെന്നു വനസേനാംഗങ്ങളില്‍ ചിലര്‍ പറഞ്ഞു. കടുവ കൂട്ടിലായതിന്റെ ആശ്വാസത്തിലാണ് കേണിച്ചിറ എടക്കാട് നിവാസികള്‍. കേണിച്ചിറ ടൗണില്‍നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് എടക്കാട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214480/wayanad)