---
title: "രാജ്യത്തെ പട്ടിണി മരണങ്ങള്‍ ഇല്ലാതാക്കാന്‍ സമൂഹ അടുക്കളകള്‍ രൂപീകരിക്കണം"
english_title: "Community kitchens to eliminate starvation deaths in the country"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21570/community-kitchens-to-eliminate-starvation-deaths-in-the-country"
published_at: "2022-01-19T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e78eb2938d2_images - 2022-01-19T093810.284.jpeg"
keywords: []
---

# രാജ്യത്തെ പട്ടിണി മരണങ്ങള്‍ ഇല്ലാതാക്കാന്‍ സമൂഹ അടുക്കളകള്‍ രൂപീകരിക്കണം

> **Lead Summary:** രാജ്യത്തെ പട്ടിണി മരണങ്ങള്‍ ഇല്ലാതാക്കാന്‍ സമൂഹ അടുക്കളകള്‍ക്ക് മാതൃകാ പദ്ധതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി.

## Article Content

രാജ്യത്തെ പട്ടിണി മരണങ്ങള്‍ ഇല്ലാതാക്കാന്‍ സമൂഹ അടുക്കളകള്‍ക്ക് മാതൃകാ പദ്ധതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി.

ഇതിനായി കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കാര്യവും പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഹിമാ കോലി എന്നിവരുള്‍പ്പെട്ട ബെഞ്ച് കേന്ദ്രത്തോട് നിര്‍ദേശിച്ചു. പദ്ധതിക്കായി കേന്ദ്രം നല്‍കുന്ന കൂടുതല്‍ ഭക്ഷ്യധാന്യം ഏറ്റെടുക്കാനുണ്ടാകുന്ന ചരക്കു നീക്കത്തിന്റെ ചെലവുകള്‍ സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

രാജ്യത്തെ പട്ടിണി മരണം ഇല്ലാതാക്കാന്‍ സമൂഹ അടുക്കള നയം രൂപീകരിക്കണമെന്ന ഹര്‍ജിയാണ് സുപ്രീം കോടതി ഇന്നലെ പരിഗണിച്ചത്. രാജ്യത്തു നിന്നും പട്ടിണി മരണങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. പദ്ധതി സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. പോഷകാഹാരക്കുറവ്, പട്ടിണി മരണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കി. രണ്ടാഴ്ചയ്ക്ക് ശേഷമാകും കേസ് വീണ്ടും പരിഗണിക്കുക. അതിനകം സംസ്ഥാനങ്ങള്‍ക്ക് ബന്ധപ്പെട്ട സത്യവാങ്ങ് മൂലങ്ങള്‍ സമര്‍പ്പിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ വീഴ്ച വരുത്തിയ സംസ്ഥാനങ്ങള്‍ക്ക് ചുമത്തിയ പിഴ കോടതി ഇന്നലെ ഒഴിവാക്കി. ‘വിഷയം ഗൗരവമായി പരിഗണിക്കാത്ത സംസ്ഥാനങ്ങളുടെ നടപടിയാണ് പിഴ ചുമത്താന്‍ ഇടയാക്കിയത്. ഇത് ഒഴിവാക്കുന്നു. എന്നാല്‍ കേസിന്റെ ഷെഡ്യൂള്‍ അനുസരിച്ച് സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21570/community-kitchens-to-eliminate-starvation-deaths-in-the-country)