---
title: "ഈ വർഷം ഒരു ലക്ഷം സംരംഭകരെ കണ്ടെത്തും: മന്ത്രി എം വി ഗോവിന്ദൻ"
english_title: "One lakh entrepreneurs will be found this year"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21740/one-lakh-entrepreneurs-will-be-found-this-year"
published_at: "2022-01-20T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e8bceed9f93_PRKRC16A 19.01.22 (2).jpg"
keywords: []
---

# ഈ വർഷം ഒരു ലക്ഷം സംരംഭകരെ കണ്ടെത്തും: മന്ത്രി എം വി ഗോവിന്ദൻ

> **Lead Summary:** ഈ വർഷം ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള സമന്വയ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മത്സരപ്പരീക്ഷ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

ഈ വർഷം ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള സമന്വയ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മത്സരപ്പരീക്ഷ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴിലില്ലായ്മ പരിഹരിക്കുക എന്ന വലിയ ലക്ഷ്യത്തിലാണ് സർക്കാർ. കെ ഡിസ്‌കിലൂടെ എല്ലാ വിഭാഗക്കാർക്കും തൊഴിൽ സാധ്യത ഉറപ്പു വരുത്തും. ഇതിനായി പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. എല്ലാ വകുപ്പുകളും ഊന്നൽ നൽകുന്നതും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാണ് -മന്ത്രി പറഞ്ഞു.

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് സമന്വയ. ഇതിന്റെ ഭാഗമായി ജില്ലയിലെ പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള മൂന്നു മാസം നീണ്ട സൗജന്യ മത്സര പരീക്ഷ പരിശീലന പരിപാടികളാണ് നടപ്പാക്കുന്നത്. തളിപ്പറമ്പ്, തലശ്ശേരി, മട്ടന്നൂർ കേന്ദ്രങ്ങളിലായി പരിശീലനം നടക്കും.

തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സബ് കലക്ടർ അനുകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെൻറ് ഓഫീസർ ഇൻ ചാർജ് രമേശൻ കുനിയിൽ, തളിപ്പറമ്പ് ആർ ഡി ഒ ഇ പി മേഴ്‌സി, ജില്ലാ ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ എസ് സന്തോഷ് കുമാർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ വി രവിരാജ്, തളിപ്പറമ്പ് തഹസിൽദാർ ഇ എം റജി, തളിപ്പറമ്പ് ജോ. ആർ ടി ഒ ബി സാജു, തളിപ്പറമ്പ് എംപ്ലോയ്‌മെന്റ് ഓഫീസർ കെ വി ഷർമിള തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21740/one-lakh-entrepreneurs-will-be-found-this-year)