---
title: "കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതിയുടെ സംശയ ദൂരീകരണത്തിന് പ്രത്യേക  വിശദീകരണ യോഗം സംഘടിപ്പിച്ചു"
english_title: "An explanatory meeting was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21787/An-explanatory-meeting-was-held"
published_at: "2022-01-20T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e90676403ca_Picsart_22-01-20_12-20-58-110.jpg"
keywords: []
---

# കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതിയുടെ സംശയ ദൂരീകരണത്തിന് പ്രത്യേക  വിശദീകരണ യോഗം സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതിയുടെ സംശയ ദൂരീകരണത്തിന് പ്രത്യേക വിശദീകരണ യോഗം സംഘടിപ്പിച്ചു കെ- റയിൽ നടപ്പാക്കുന്ന കാസർകോട് - തിരുവനന്തപുരം സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ ദുരീകരിക്കുന്നതിനായി കണ്ണൂരിൽ പ്രത്യേക വിശദീകരണ യോഗം സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ 'ജനസമക്ഷം സിൽവർ ലൈൻ' എന്ന പേരിൽ വ്യാഴാഴ്ച്ച രാവിലെ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിശദീകരണ യോഗം തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതിയുടെ സംശയ ദൂരീകരണത്തിന് പ്രത്യേക വിശദീകരണ യോഗം സംഘടിപ്പിച്ചു കെ- റയിൽ നടപ്പാക്കുന്ന കാസർകോട് - തിരുവനന്തപുരം സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ ദുരീകരിക്കുന്നതിനായി കണ്ണൂരിൽ പ്രത്യേക വിശദീകരണ യോഗം സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ 'ജനസമക്ഷം സിൽവർ ലൈൻ' എന്ന പേരിൽ വ്യാഴാഴ്ച്ച രാവിലെ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിശദീകരണ യോഗം തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഏത് പദ്ധതിയായാലും അത് നടപ്പാക്കുന്നത് സംബന്ധിച്ച് വിമർശനവും ആക്ഷേപങ്ങളും അനുകൂല വാദവും ഉണ്ടാവും. തലമുറതലമുറയായി ഉപയോഗിച്ച തറവാടും പറമ്പും വിട്ടുകൊടുക്കേണ്ടി വരും എന്ന ആശങ്ക പ്രയാസമുണ്ടാക്കുന്നതാണ് എന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്. പദ്ധതിയെ കുറിച്ച് എല്ലാം തുറന്നു പറയണം എന്നതാണ് സർക്കാർ നിലപാട്. അതുകൊണ്ടാണ് സി.പി.ആർ പുറത്തു വിട്ടത്. സർക്കാരിന് ഇതിൽ ഒന്നും ഒളിച്ചുവയ്ക്കാനില്ല. 50 വർഷം കണ്ടുള്ള കേരളത്തിൻ്റെ വികസനത്തിന് ഉപയോഗപ്പെടുത്താനാവുന്നതാണ് സിൽവർ ലൈൻ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിഷേധം കണക്കിലെടുത്ത് ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. കെ-റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത്കുമാർ പദ്ധതിയെ കുറിച്ച്  വിശദീകരിച്ചു. പദ്ധതി സംബന്ധിച്ച് ജനങ്ങളുടെ സംശയങ്ങൾക്ക് കെ-റെയിൽ പ്രതിനിധികൾ മറുപടി നൽകി. പങ്കെടുത്ത മുഴുവൻ പേർക്കും പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്ന ബ്രോഷറും നഷ്ടപരിഹാരം എത്രത്തോളം ലഭിക്കും എന്ന് വ്യക്തമാക്കുന്ന കുറിപ്പും നൽകിയിരുന്നു.

കെ- റയിൽ പ്രൊജക്ട് ആൻ്റ് പ്ലാനിങ്ങ് ഡയറക്ടർ പി ജയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പങ്കെടുത്തു. ജില്ലയിൽ നിന്നുള്ള എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ ശ്രോതാക്കളായി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21787/An-explanatory-meeting-was-held)