---
title: "പ്രതിപക്ഷ നേതാവ് ദുരന്തരമുഖത്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചതായി മന്ത്രി എം.ബി. രാജേഷ്"
english_title: " opposition leader had tried to take political advantage in the face of the tragedy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220175/opposition-leader-had-tried-to-take-political-advantage-in-the-face-of-the-tragedy"
published_at: "2024-07-15T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669512656707e_m-b-rajesh.1.1096076.jpg"
keywords: []
---

# പ്രതിപക്ഷ നേതാവ് ദുരന്തരമുഖത്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചതായി മന്ത്രി എം.ബി. രാജേഷ്

> **Lead Summary:**  തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോടിലെ ശുചീകരണത്തൊഴിലാളിയുടെ മരണത്തിനിടയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ദുരന്തരമുഖത്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചതായി മന്ത്രി എം.ബി. രാജേഷ് കുറ്റപ്പെടുത്തി. മാലിന്യ സംസ്‌കരണത്തില്‍ റെയില്‍വേ ഗുരുതരമായ അനാസ്ഥയാണ് വരുത്തിയതെന്നും മന്ത്രി പറഞ്ഞു. 'ഇതുപോലെ ഒരു ദുരന്തത്തില്‍ രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി ഇത്രമാത്രം വ്യഗ്രതകാണിക്കുന്ന പ്രവൃത്തി ഉണ്ടാകാന്‍ പാടില്ലാത്തതും ആവര്‍ത്തിക്കാന്‍പാടില്ലാത്തതുമാണ്.

## Article Content

 തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോടിലെ ശുചീകരണത്തൊഴിലാളിയുടെ മരണത്തിനിടയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ദുരന്തരമുഖത്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചതായി മന്ത്രി എം.ബി. രാജേഷ് കുറ്റപ്പെടുത്തി. മാലിന്യ സംസ്‌കരണത്തില്‍ റെയില്‍വേ ഗുരുതരമായ അനാസ്ഥയാണ് വരുത്തിയതെന്നും മന്ത്രി പറഞ്ഞു. 'ഇതുപോലെ ഒരു ദുരന്തത്തില്‍ രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി ഇത്രമാത്രം വ്യഗ്രതകാണിക്കുന്ന പ്രവൃത്തി ഉണ്ടാകാന്‍ പാടില്ലാത്തതും ആവര്‍ത്തിക്കാന്‍പാടില്ലാത്തതുമാണ്.

ഇല്ലാത്ത ഉത്തരവാദിത്വംകൂടി സര്‍ക്കാരിന്റെമേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്. തിരിച്ചില്‍ നടത്തിക്കൊണ്ടിരിക്കെതന്നെ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കണ്ട് സര്‍ക്കാരിനെതിരെ തിരിഞ്ഞു. നാട് മുഴുവന്‍ ജോയിയെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു. അത് കഴിഞ്ഞിട്ട് വിമര്‍ശനം നടത്താനുള്ള വിവേകമെങ്കിലും അദ്ദേഹം കാത്തിരിക്കേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. ഈ നിമിഷംവരെ അതിന് മറുപടി നല്‍കാതിരുന്നത് അതിനുള്ള സമയമതല്ലാത്തതുകൊണ്ടാണ്. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ അതില്‍നിന്ന് കിട്ടാന്‍പോകുന്ന രാഷ്ട്രീയ ലാഭത്തേക്കുറിച്ച് സന്തോഷംപൂണ്ട് ചാടിവീഴുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമാണോ എന്ന് ഇത്തരക്കാര്‍ ആലോചിക്കണം.

മത്സരിച്ച് കുറ്റപ്പെടുത്തലുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പലരും', രാജേഷ് പറഞ്ഞു. മാലിന്യ സംസ്‌കരണം ആരുടെയെങ്കിലും പ്രത്യേക ഉത്തരവാദിത്വമായി സര്‍ക്കാര്‍ കണക്കാക്കുന്നില്ല. അതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുമാണ്. ഓരോ വ്യക്തിക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. മാലിന്യം ശൂന്യാകാശത്തുനിന്ന് വന്നതല്ല. ആ നിലയ്ക്ക് ഇതിനെ കാണണമെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220175/opposition-leader-had-tried-to-take-political-advantage-in-the-face-of-the-tragedy)