---
title: "എന്തിനേയും ഏതിനേയും എതിര്‍ക്കുക എന്നതല്ല പ്രതിപക്ഷ നേതാവിൻ്റെ കടമയെന്ന് ഇ പി ജയരാജൻ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220264/kannur"
published_at: "2024-07-16T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6695c759962ea_IMG-20240716-WA0000.jpg"
keywords: []
---

# എന്തിനേയും ഏതിനേയും എതിര്‍ക്കുക എന്നതല്ല പ്രതിപക്ഷ നേതാവിൻ്റെ കടമയെന്ന് ഇ പി ജയരാജൻ

> **Lead Summary:**  **കണ്ണൂർ**: എന്തിനേയും ഏതിനേയും എതിര്‍ക്കുക എന്നതാണ് പ്രതിപക്ഷ നേതാവിന്റെ കടമ എന്ന് വി ഡി സതീശൻ തെറ്റിദ്ധരിച്ചതായി തോന്നുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇനിയെങ്കിലും ഒരു ആത്മ പരിശോധനയ്ക്ക് തയ്യാറാകേണ്ടിയിരിക്കുന്നുവെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ആമയിഴഞ്ചാന്‍ തോടില്‍ തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇ.പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

## Article Content

 **കണ്ണൂർ**: എന്തിനേയും ഏതിനേയും എതിര്‍ക്കുക എന്നതാണ് പ്രതിപക്ഷ നേതാവിന്റെ കടമ എന്ന് വി ഡി സതീശൻ തെറ്റിദ്ധരിച്ചതായി തോന്നുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇനിയെങ്കിലും ഒരു ആത്മ പരിശോധനയ്ക്ക് തയ്യാറാകേണ്ടിയിരിക്കുന്നുവെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ആമയിഴഞ്ചാന്‍ തോടില്‍ തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇ.പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഇ.പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്: അനുദിനം ഉയര്‍ന്നുവരുന്ന വിവിധ വിഷയങ്ങളില്‍ സ്വീകരിക്കുന്ന സമീപനങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇനിയെങ്കിലും ഒരു ആത്മ പരിശോധനയ്ക്ക് തയ്യാറാകേണ്ടിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ ആമയിഴഞ്ചാന്‍ തോടില്‍ ഒരു തൊഴിലാളിയുടെ ദാരുണമായ അന്ത്യമുണ്ടായ വേദനാജനകമായ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം ഇത്തരുണത്തില്‍ ഒന്നാണ്. എന്തിനേയും ഏതിനേയും എതിര്‍ക്കുക എന്നതാണ് പ്രതിപക്ഷ നേതാവിന്റെ കടമ എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതായി തോന്നുന്നു.

ജനങ്ങളില്‍ ഭീതിയും ആശങ്കയും സൃഷ്ടിക്കുകയല്ല ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി ചെയ്യേണ്ടുന്നത്. ആമഴിഴഞ്ചാന്‍ തോട്ടില്‍ തൊഴിലാളി വീഴാനിടയായതും ദാരുണമായ അന്ത്യമുണ്ടായതും പോലും അത്യന്തം ഹീനമായി വക്രീകരിച്ച് പരിഹസിക്കാനും നിന്ദിക്കാനുമാണ് ശ്രമിച്ചത്. റെയില്‍വെയുടെ അധീനതയിലുള്ള സ്ഥലത്ത് റെയില്‍വെ നല്‍കിയ കരാറുകാരന്‍ നിയോഗിച്ച തൊഴിലാളിയാണ് നാടിനെയാകെ ദു.ഖത്തിലാഴ്ത്തിക്കൊണ്ട് നമ്മെ വിട്ടു പിരിഞ്ഞത്. ആ തൊഴിലാളിയെ രക്ഷിക്കാന്‍ അഗ്നി രക്ഷാസേനയും കോര്‍പ്പറേഷന്‍ ജീവനക്കാരും വിവിധ സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരാകെയും ആത്മാര്‍ഥവും ത്യാഗപൂര്‍ണ്ണവുമായ പ്രവര്‍ത്തനങ്ങളാണ് രണ്ട് ദിവസമായി നടത്തിവന്നത്. ആ സേവനത്തെ കുറിച്ച് ഒരു നല്ലവാക്ക് പറയാനൊ നല്ലകാര്യമാണ് എന്ന് സമ്മതിക്കാനൊ തയ്യാറാകാതെ ആക്ഷേപിക്കുകകയാണ്. മഴക്കാലങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പൊതുവെ കൂടുന്നത് സാധാരണമാണ്. ഇത്തരം അവസരങ്ങളില്‍ ശക്തമായ പ്രതിരോധ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാറുള്ളതും. എന്നാല്‍ സംസ്ഥാന സര്‍ക്കാറും തദ്ദേശ ഭരണ സ്ഥാപനങ്ങളും നടത്തുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെയും രോഗപ്രതിരോധ നടപടികളെയും അദ്ദേഹം പരിഹസിക്കുന്നത് കണ്ടു. ഇത് കണ്ണടച്ച് ഇരുട്ടാക്കുന്നതില്‍ അപ്പുറം എന്താണ്. സംസ്ഥാനത്ത് ഓരോ പ്രദേശത്തും നടക്കുന്ന മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളും മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളും രാജ്യത്തിനാകെ മാതൃകയാണ്. കോളറ, മഞ്ഞപ്പിത്തം എന്നൊക്കെ വിളിച്ച് പറഞ്ഞ് സംവിധാനത്തെയാകെ വിമര്‍ശിച്ച് യാഥാര്‍ഥത്തോട് പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ തോതില്‍ കോളറയും മഞ്ഞപ്പിത്തവും പിടിപെട്ട സംസ്ഥാനമാണ് കേരളം. ഈ വസ്തുത മറച്ചുവെച്ച് ജനങ്ങളില്‍ ഭീതിയും ആശങ്കയും പരത്തുന്നു.അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ ഇത്തരം നിലപാടുകള്‍ തിരുത്തി ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധിയാകാന്‍ ഇനിയെങ്കിലും തയ്യാറാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220264/kannur)