---
title: "ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാലുജീവനുകളും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി"
english_title: "Fireforcesavedfour"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220424/fireforcesavedfour"
published_at: "2024-07-16T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66963afcbaea2_1000012595.jpg"
keywords: []
---

# ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാലുജീവനുകളും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

> **Lead Summary:** ചിറ്റൂര്‍ പുഴയില്‍ കുളിയ്ക്കാനിറങ്ങി ജലനിരപ്പുയര്‍ന്നതോടെ പുഴയുടെ നടുക്ക് കുടുങ്ങിയ നാലുപേരെയും സാഹസിക രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ശേഷമാണ് ഒരു വയോധിക ഉള്‍പ്പെടെയുള്ള നാലുപേരെയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്.

## Article Content

ചിറ്റൂര്‍ പുഴയില്‍ കുളിയ്ക്കാനിറങ്ങി ജലനിരപ്പുയര്‍ന്നതോടെ പുഴയുടെ നടുക്ക് കുടുങ്ങിയ നാലുപേരെയും സാഹസിക രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ശേഷമാണ് ഒരു വയോധിക ഉള്‍പ്പെടെയുള്ള നാലുപേരെയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്.

ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് വടംകെട്ടിയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഇവരെ കരയിലേക്ക് കൊണ്ടുവന്നത്. മന്ത്രി കെ കൃഷ്ണന്‍കുട്ടി രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിച്ചു. പാലക്കാട് ഇന്നലെ മുതല്‍ കനത്ത മഴ തുടരുകയാണ്.

മൂലത്തറ റെഗുലറ്ററിന്റെ ഷട്ടര്‍ തുറന്നതിനാല്‍ ചിറ്റൂര്‍ പുഴയില്‍ വെള്ളം കൂടിയതോടെയാണ് ഇവര്‍ക്ക് കരയിലെത്താനാകാതിരുന്നത്. മൂന്നുപുരുഷന്മാരും ഒരു വയോധികയുമാണ് പുഴയില്‍ വെള്ളം കൂടിയതോടെ പുഴയ്ക്ക് നടുവിലെ പാറയില്‍ കുടുങ്ങിയത്.

ഇവര്‍ നാലുപേരും പ്രദേശവാസികള്‍ തന്നെയാണ്. പതിവുപോലെ പുഴയില്‍ കുളിയ്ക്കാനിറങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത്. നാലുപേരെയും സുരക്ഷിതരായി കരയ്‌ക്കെത്തിച്ച രക്ഷാപ്രവര്‍ത്തകരെ മന്ത്രി കെ കൃഷ്ണന്‍ കുട്ടി അഭിനന്ദിച്ചു.

പുഴയില്‍ ജലനിരപ്പ് വല്ലാതെ ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചെങ്കിലും അതിസാഹസികമായി ഇവര്‍ നാലുപേരെയും വടം ഉപയോഗിച്ച് കരയിലേക്ക് കൊണ്ടുവരികയായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220424/fireforcesavedfour)