---
title: "വിദ്യാർത്ഥികളെ വെള്ളക്കെട്ടുള്ള റോഡിൽ ഇറക്കിവിട്ട് സ്കൂൾ ബസ് ഡ്രൈവർ കടന്നുകളഞ്ഞതായി പരാതി"
english_title: "Schoolbusdriver"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221185/schoolbusdriver"
published_at: "2024-07-19T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a282e280a2_1000013441.jpg"
keywords: []
---

# വിദ്യാർത്ഥികളെ വെള്ളക്കെട്ടുള്ള റോഡിൽ ഇറക്കിവിട്ട് സ്കൂൾ ബസ് ഡ്രൈവർ കടന്നുകളഞ്ഞതായി പരാതി

> **Lead Summary:** ചമ്പാട് : വിദ്യാർത്ഥികളെ വെള്ളക്കെട്ടുള്ള റോഡിൽ ഇറക്കിവിട്ട് സ്കൂൾ ബസ് ഡ്രൈവർ കടന്നുകളഞ്ഞതായി പരാതി. ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ 19 ഓളം കുട്ടികളെയാണ് പാതിവഴിയിൽ ഇറക്കിവിട്ടത്.

## Article Content

ചമ്പാട് : വിദ്യാർത്ഥികളെ വെള്ളക്കെട്ടുള്ള റോഡിൽ ഇറക്കിവിട്ട് സ്കൂൾ ബസ് ഡ്രൈവർ കടന്നുകളഞ്ഞതായി പരാതി. ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ 19 ഓളം കുട്ടികളെയാണ് പാതിവഴിയിൽ ഇറക്കിവിട്ടത്.

ഇതേ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായെത്തി. കനത്ത മഴയെ തുടർന്ന് ചമ്പാട് കൂരാറയിൽ റോഡും വയലുകളും കാണാത്ത വിധം വെള്ളമുയർന്നതോടെ ബസുകൾ ഉൾപ്പടെ യാത്ര നിർത്തിവച്ചിരുന്നു.

ഈ റോഡിനു സമീപത്തായാണ് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ 20 ഓളം വിദ്യാർത്ഥികളെ ഉണ്ടമുക്കിൽ സ്കൂൾ ബസ് ഡ്രൈവർ ഇറക്കിയത്. തുടർന്ന് ഡ്രൈവർ ബസുമായി പോകുകയും ചെയ്തു.

റോഡിലെ വെള്ളക്കെട്ടിൽ ഇറങ്ങാൻ പോയ വിദ്യാർത്ഥികളെ നാട്ടുകാർ തടയുകയായിരുന്നു. കുട്ടികളിൽ നിന്നും വിവരമറിഞ്ഞ നാട്ടുകാർ സ്കൂൾ അധികൃതർക്ക് എതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സ്കൂൾ അധികൃതരുടെ സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി ശശിധരനും, നാട്ടുകാരനായ മനുവും പറഞ്ഞു.

നാട്ടുകാർ കുട്ടികളെ കണ്ടതുകൊണ്ടാണ് വൻ ദുരന്തം വഴിമാറിയത്. കുട്ടികൾ പോയ്ക്കൊള്ളാമെന്ന് പറഞ്ഞതു കൊണ്ടാണ് ഇറക്കിവിട്ടതെന്നാണ് ഡ്രൈവറുടെ പ്രതികരണം.

സ്ഥലത്തെത്തിയ അധ്യാപകർക്കെതിരെയും ജന രോഷമുണ്ടായി. തുടർന്ന് സ്കൂൾ ബസിൽ തന്നെ മറ്റൊരു വഴിയിലൂടെ കുട്ടികളെ വീട്ടിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221185/schoolbusdriver)