കോഴിക്കോട്: നിപ സ്ഥിരീകരിച്ച പതിന്നാലുകാരൻ്റെ നില അതീവ ഗുരുതരമെന്ന് മന്ത്രി വീണ ജോർജ്. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിപ സ്ഥിരീകരിച്ചതോടെ ഇനി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മുപ്പത് റൂമുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആശുപത്രിയുടെ മറ്റ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ഐസൊലേഷനിലാക്കും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായും മന്ത്രി പറഞ്ഞു. നിപയ്ക്കുള്ള മരുന്നായ മോണോ ക്ലോണോ ആന്റിബോഡി പൂനെയില്‍ നിന്ന് നാളെ എത്തിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഭയം വേണ്ടെന്നും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. എല്ലാവരും മാസ്‌ക് ധരിക്കണം. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരമാണെന്നും വീണാജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയുമായി സമ്പര്‍ക്കമുള്ള ഒരാള്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. അയാള്‍ നിരീക്ഷണത്തിലാണ്. നിലവിൽ വൈറല്‍ പനിയാണെങ്കിലും സ്രവം ശേഖരിച്ചതായി മന്ത്രി പറഞ്ഞു.
14-year-old boy infected with Nipah in critical condition