---
title: "സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍"
english_title: "Equal restrictions to lockdown"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22218/equal-restrictions-to-lockdown"
published_at: "2022-01-23T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ecbe8f89208_images - 2022-01-23T080342.808.jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍.

അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതിയുള്ളത്. സംസ്ഥാനത്തുടനീളം ഇന്ന് കര്‍ശന പരിശോധനയുണ്ടാകുമെന്നും അനാവശ്യ യാത്ര നടത്തുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. കെഎസ് ആര്‍ടിസിയും അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ നടത്തൂ.

പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7മണി മുതല്‍ രാത്രി 9 വരെ തുറക്കാന്‍ അനുമതിയുണ്ട്.

ഹോട്ടലുകളില്‍ നിന്നും ബോക്കറികളില്‍ നിന്നും പാഴ്സല്‍ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക.

ആശുപത്രി, വാക്സിനേഷന്‍ എന്നിവയ്ക്കു വേണ്ടി യാത്ര നടത്താം. അത്യാവശ്യയാത്രക്കാര്‍ അക്കാര്യം പരിശോധനാവേളയില്‍ പൊലീസ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം. കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം. രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സീനെടുക്കാന്‍ പോകുന്നവര്‍, പരീക്ഷകളുള്ള വിദ്യാര്‍ഥികള്‍, റയില്‍വേ സ്റ്റേഷന്‍-വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ , മുന്‍കൂട്ടി ബുക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവര്‍ ഇവര്‍ക്കെല്ലാം കൃത്യമായ രേഖകളുണ്ടങ്കില്‍ യാത്ര അനുവദിക്കും.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തില്‍ ഉള്‍പ്പെട്ടതുമായ കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം-ഇന്റര്‍നെറ്റ് കമ്ബനികള്‍ തുടങ്ങിയവയ്ക്കാണ് തുറക്കാന്‍ അനുവാദമുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22218/equal-restrictions-to-lockdown)