---
title: "നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും"
english_title: "Questionnaire will continue today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22352/questionnaire-will-continue-today"
published_at: "2022-01-24T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee08dec2d26_images - 2022-01-24T073258.685.jpeg"
keywords: []
---

# നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും

> **Lead Summary:** കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.

## Article Content

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.

രാവിലെ 9ന് ഹാജരാകാനാണ് ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളോടും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ എങ്ങനെവേണമെന്നത് സംബന്ധിച്ച രൂപരേഖ ഇന്നലെ വൈകുന്നേരം തന്നെ തയാറാക്കിയിട്ടുണ്ട്.

പ്രതികളുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ ഇന്നലെ കഴിഞ്ഞതോടെ ആശങ്കയും പിരിമുറുക്കവും വര്‍ദ്ധിച്ചു. 11 മണിക്കൂ‌ര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ദിലീപ് നല്‍കിയ മറുപടികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തിയത്. പല മറുപടികളും വിശ്വസനീയമല്ലെന്നും അന്വേഷണ സംഘം വിലയിരുത്തി. കള്ളക്കേസാണെന്ന് ആവര്‍ത്തിച്ച ദിലീപ്, നടിയെ ആക്രമിക്കുന്ന ദൃശ്യം കൈപ്പറ്റിയിട്ടില്ലെന്നും കണ്ടിട്ടില്ലെന്നും പറഞ്ഞു.

ഗൂഢാലോചനയുടെ ചുരുളഴിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ചോദ്യങ്ങളത്രയും. ദിലീപിന്റെ നിഷേധാത്മക പെരുമാറ്റം ഒരുഘട്ടത്തില്‍ ചോദ്യം ചെയ്യലിനെ ബാധിച്ചു. ബാലചന്ദ്രകുമാ‌ര്‍ തന്റെ അടുത്ത സുഹൃത്തല്ലെന്നും ഒരു സിനിമ വഴി മാത്രമാണ് പരിചയമെന്നും ദിലീപ് പറഞ്ഞു. നെയ്യാറ്റിന്‍കര ബിഷപ്പ് വഴി കേസില്‍ ജാമ്യം നേടാമെന്ന് ബാലചന്ദ്രകുമാ‌ര്‍ വാഗ്ദാനം ചെയ്തിരുന്നു. ജാമ്യം ലഭിച്ചപ്പോള്‍ ബിഷപ്പിന്റെയടക്കം പേരില്‍ പണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതോടെ ബാലചന്ദ്രകുമാറിന് വൈരാഗ്യമായെന്നും തന്നെ ബ്ലാക്ക്മെയില്‍ ചെയ്തെന്നും ദിലീപ് ആവ‌ര്‍ത്തിച്ചു.

അടുത്ത ദിവസം ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസാമ്ബിള്‍ പ്രതികള്‍ നിഷേധിക്കാത്തത് ചോദ്യം ചെയ്യലില്‍ നി‌ര്‍ണായകമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22352/questionnaire-will-continue-today)