---
title: "കണ്ണവത്തെ വെള്ളപൊക്കത്തിൽ    എടയാറിലെ വനം വകുപ്പ് ഓഫീസിൽ വൻ നാശനഷ്ട്ടം"
english_title: "Kannavam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224480/kannavam"
published_at: "2024-07-31T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa3a9446851_Screenshot_20240731-185218_WhatsAppBusiness.jpg"
keywords: []
---

# കണ്ണവത്തെ വെള്ളപൊക്കത്തിൽ    എടയാറിലെ വനം വകുപ്പ് ഓഫീസിൽ വൻ നാശനഷ്ട്ടം

> **Lead Summary:** **കണ്ണവം**: കഴിഞ്ഞ ദിവസം കണ്ണവം വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കണ്ണവം പുഴയിലുണ്ടായ വെള്ളപൊക്കത്തിൽ എടയാറിലെ കൊട്ടിയൂർ റെയിഞ്ച് വനം വകുപ്പ് ഓഫീസിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. പെരുവ, ചെമ്പുക്കാവ് വനമേഖലകളിലാണ് തിങ്കളാഴ്ച അർധരാത്രി ഉരുൾപൊട്ടലുണ്ടായത്. തുടർന്ന് കണ്ണവം പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കണ്ണവത്തും എടയാറിലും നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു.

## Article Content

**കണ്ണവം**: കഴിഞ്ഞ ദിവസം കണ്ണവം വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കണ്ണവം പുഴയിലുണ്ടായ വെള്ളപൊക്കത്തിൽ എടയാറിലെ കൊട്ടിയൂർ റെയിഞ്ച് വനം വകുപ്പ് ഓഫീസിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. പെരുവ, ചെമ്പുക്കാവ് വനമേഖലകളിലാണ് തിങ്കളാഴ്ച അർധരാത്രി ഉരുൾപൊട്ടലുണ്ടായത്. തുടർന്ന് കണ്ണവം പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കണ്ണവത്തും എടയാറിലും നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു.

എടയാറിലെ വനം വകുപ്പ് റെയിഞ്ച് ഓഫീസിൽ ഒന്നര മീറ്ററോളം ഉയരത്തിൽ വെള്ളം കയറിയിരുന്നു. ഇതെതുടർന്ന് ഓഫീസിലെ 95% ഫയലുകൾ, രജിസ്റ്ററുകൾ, കമ്പ്യൂട്ടറുകൾ മറ്റ് ഓഫീസ് ഉപകരണങ്ങൾ എന്നിവ ചെളിയും വെള്ളവും കയറി നനഞ്ഞ് ഉപയോഗ ശൂന്യമായി. ഓഫീസ് ഫയലുകൾ സുരക്ഷിതമായി ഷെൽഫിലാണ് സൂക്ഷിച്ചിരുന്നതെങ്കിലും, ഷെല്ഫിന്റെ വിടവിലൂടെ വെള്ളം കയറിയാണ് ഫയലുകൾ നശിച്ചത്. കൂടാതെ ഓഫീസ് കോമ്പൌണ്ടിൽ സൂക്ഷിച്ചിരുന്ന വിവിധ കേസുകളിൽ ഉൾപ്പെട്ട തൊണ്ടിമുതലുകളായ മരത്തടികൾ വെള്ളത്തിൽ ഒഴുകിപോകുകയും ചെയ്തു .

വെള്ളം കയറി വാഹനങ്ങൾക്കും നാശനഷ്ട്ടം സംഭവിച്ചിട്ടുണ്ട്. ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന തോലമ്പ്ര സെക്ഷൻ ഓഫീസിൽ സ്റ്റാഫുകൾ ഉണ്ടായിരുന്നെങ്കിലും അർദ്ധരാത്രിയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല. ഓഫീസും പരിസരവും മുഴുവനായും ചെളിനിറഞ്ഞ അവസ്ഥയിലായിരുന്നു. സംഭവമറിഞ്ഞ് റവന്യൂ , പോലീസ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടപ്പെട്ടവയുടെ വിശദമായ പരിശോധന നടത്തിവരുന്നതായി റെയിഞ്ച് ഓഫീസ് അധികൃതർ അറിയിച്ചു. ഓഫീസും പരിസരവും ഓഫീസ് സ്റ്റാഫും വാച്ചർമാരും ചേർന്ന് ശുചീകരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224480/kannavam)