---
title: "സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കാനുള്ള തീരുമാനം:വീഞ്ഞ് സർക്കാർ തന്നെ ഉൽപ്പാദിപ്പിക്കും"
english_title: "Bar were opening in kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22457/bar-were-opening-in-kerala"
published_at: "2022-01-24T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eea4e917b52_bar liquor.jpg"
keywords: []
---

# സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കാനുള്ള തീരുമാനം:വീഞ്ഞ് സർക്കാർ തന്നെ ഉൽപ്പാദിപ്പിക്കും

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കാനുള്ള തീരുമാനം പുതിയ മദ്യനയത്തിൽ പ്രഖ്യാപിക്കും. 175 പുതിയ ഔട്ട് ലെറ്റുകൾ തുറക്കണമെന്നാണ് ബെവ്കോ ശുപാർശ. ഐടി പാർക്കുകളിൽ ബിയർ - വൈൻ പാർലറുകള്‍ തുറക്കുന്നതിലും തീരുമാനം വരും. പഴങ്ങളിൽ നിന്നും വൈൻ ഉണ്ടാക്കാനുള്ള യൂണിറ്റുകൾ തുറക്കുന്ന കാര്യത്തിലും മദ്യ നയത്തിൽ പ്രഖ്യാപനമുണ്ടാകും.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കാനുള്ള തീരുമാനം പുതിയ മദ്യനയത്തിൽ പ്രഖ്യാപിക്കും. 175 പുതിയ ഔട്ട് ലെറ്റുകൾ തുറക്കണമെന്നാണ് ബെവ്കോ ശുപാർശ. ഐടി പാർക്കുകളിൽ ബിയർ - വൈൻ പാർലറുകള്‍ തുറക്കുന്നതിലും തീരുമാനം വരും. പഴങ്ങളിൽ നിന്നും വൈൻ ഉണ്ടാക്കാനുള്ള യൂണിറ്റുകൾ തുറക്കുന്ന കാര്യത്തിലും മദ്യ നയത്തിൽ പ്രഖ്യാപനമുണ്ടാകും.

മദ്യശാലകളിലെ തിരക്കൊഴിവാക്കാൻ കൂടുതൽ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് എക്സൈസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാലത്തിലാണ് 175 ഷോപ്പുകള്‍ പുതുതായി തുറക്കുന്ന കാര്യം സർക്കാർ പരിശോധിക്കുന്നത്. മുൻപ് 375 ഔട്ട്ലെറ്റുകളാണ് ബെവ്ക്കോക്ക് ഉണ്ടായിരുന്നത്. യുഡിഎഫ് സർക്കാരിന്റെ മദ്യനയവും ദേശീയ പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചതും മൂലം 100ലധികം മദ്യശാലകള്‍ അടച്ചിരുന്നു. പലതും മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നാട്ടുകാരുടെ പ്രതിഷേധം കാരണം ഉപേക്ഷിക്കുകയും ചെയ്തു. നിലവിലെ ഔട്ട്‌ലെറ്റുകളിൽ തിരക്കുകൂടുന്ന സാഹചര്യത്തിൽ നല്ല സൗകര്യങ്ങളുള്ള പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള പ്രഖ്യാപനം പുതിയ മദ്യനയത്തിലുണ്ടാകും.

പൈനാപ്പിള്‍, ചക്ക, കശുമാങ്ങ എന്നിവയിൽ നിന്നും വൈൻ ഉൽപ്പാദിക്കാനുള്ള കാർഷിക സർവ്വകലാശാലയുടെ പഠന റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതാണ്. സർക്കാർ മേഖലയിൽ തന്നെ കാർഷികോൽപ്പനങ്ങളിൽ നിന്നും വീഞ്ഞ് ഉൽപാദിപ്പിക്കുന്ന പ്രധാന പ്രഖ്യാപനം മദ്യ നയത്തിലുണ്ടാകും. ഐടി പാർക്കുകളിൽ മദ്യശാലകള്‍ വേണമെന്ന കമ്പനികളുടെ ആവശ്യം പഠിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിതല കമ്മിറ്റിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22457/bar-were-opening-in-kerala)