തിരുവനന്തപുരം: രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായി സ്‌കൂള്‍ സമയം മാറ്റണമെന്നതുള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു. എന്നാൽ പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് സ്കൂളുകൾക്ക് സമയം ക്രമീകരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിർദേശങ്ങൾ ഓരോന്നും പ്രത്യേകം പരിശോധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന വ്യവസ്ഥയോടെയാണ് റിപ്പോർട്ട് മന്ത്രിസഭ യോഗം അംഗീകരിച്ചത്. പ്രീ സ്കൂൾ/ അംഗൻവാടികളുടെ സമയം പ്രാദേശിക സമൂഹം തീരുമാനിക്കുന്നതായിരിക്കും ഉചിതമെന്നാണു നിർദേശം. നാല്-നാലര മണിക്കൂർ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ചാൽ മതി. നിലവിൽ സംസ്ഥാന സിലബസിലുള്ള സ്കൂളുകൾ രാവിലെ ഒമ്പതര മുതൽ മൂന്നര വരെയും 10 മുതൽ നാലുവരെയുമാണ് പ്രവർത്തിക്കുന്നത്. പഠനസമയം കഴിഞ്ഞു രണ്ടുമുതൽ നാലുവരെ കലാ-കായിക അഭിരുചി പ്രവർത്തനങ്ങൾക്കും ലൈബ്രറി, ലബോറട്ടറി, തൊഴിൽ വിദ്യാഭ്യാസം തുടങ്ങിയവക്കായി വിനിയോഗിക്കാം. സമയമാറ്റ നിർദേശം പുരോഗമനപരമാണെന്നും എന്നാൽ, നിലവിലെ സാമൂഹിക സാഹചര്യം ഇത്തരമൊരു സമയമാറ്റത്തിന് അനുകൂലമായിട്ടില്ലെന്നും വിശദ ചർച്ചക്കു ശേഷം തീരുമാനമെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ചകൾ കുട്ടികളുടെ സ്വതന്ത്രദിനമായി മാറണം. പരീക്ഷണ നിരീക്ഷണങ്ങളിലേർപ്പെടാനും സ്കൂൾ ലൈബ്രറികളിൽ വായനക്കും റഫറൻസിനും സംഘപഠനത്തിനും സഹായകമായ ദിനമാക്കി ഇതു മാറ്റാം. കുട്ടികളുടെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങളെ പരിപോഷിപ്പിക്കാന്‍ സമയമാറ്റം സഹായിക്കുമെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ഈ ക്രമീകരണത്തില്‍ കുട്ടികളുടെ പ്രായവും ശാരീരികവും മാനസികവുമായ സവിശേഷതകളും പരിഗണിക്കണം. 1990കളില്‍ സ്‌കൂള്‍സമയം ചര്‍ച്ചയായിരുന്നു.
Thiruvanaththapuram