---
title: "അര്‍ജുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് മുഖ്യമന്ത്രി"
english_title: "Pinarayvijayanatarjunshome"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225499/pinarayvijayanatarjunshome"
published_at: "2024-08-04T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af3c46728c8_1000016276.jpg"
keywords: []
---

# അര്‍ജുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് മുഖ്യമന്ത്രി

> **Lead Summary:**  ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ജുന്റെ കോഴിക്കോട്ടെ വീട്ടിലെത്തി മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. അര്‍ജുനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് അര്‍ജുന്റെ കുടുംബം മുഖ്യമന്ത്രിയ്ക്ക് നേരിട്ട് നിവേദനം കൈമാറി. മുഖ്യമന്ത്രി എല്ലാ വിധത്തിലുള്ള സഹായവും വാഗ്ദാനം ചെയ്‌തെന്ന് അര്‍ജുന്റെ സഹോദരി പറഞ്ഞു.

## Article Content

 ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ജുന്റെ കോഴിക്കോട്ടെ വീട്ടിലെത്തി മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. അര്‍ജുനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് അര്‍ജുന്റെ കുടുംബം മുഖ്യമന്ത്രിയ്ക്ക് നേരിട്ട് നിവേദനം കൈമാറി. മുഖ്യമന്ത്രി എല്ലാ വിധത്തിലുള്ള സഹായവും വാഗ്ദാനം ചെയ്‌തെന്ന് അര്‍ജുന്റെ സഹോദരി പറഞ്ഞു.

പത്ത് മിനിറ്റോളം കുടുംബാംഗങ്ങളോട് സംസാരിച്ച് അവരെ ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത് അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ വീണ്ടും അനിശ്ചിതത്വത്തിലാണ്. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയ്ക്ക് ഗംഗാവലി പുഴയിലിറങ്ങി തിരച്ചില്‍ നടത്താന്‍ അനുമതി ലഭിച്ചിട്ടില്ല. ഗംഗാവലി പുഴയില്‍ വലിയ അടിയൊഴുക്ക് അനുഭവപ്പെടുന്നുണ്ടെന്ന് വിശദീകരിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ദൗത്യം ഇന്ന് പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതായി ഇന്നലെ എം കെ രാഘവന്‍ എം പി പറഞ്ഞിരുന്നു. മഴയുണ്ടെങ്കിലും ഇന്ന് ഗംഗാവലിയില്‍ തിരച്ചില്‍ നടത്താന്‍ താന്‍ തയാറാണെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചിട്ടുണ്ട്.

മഴ പെയ്യുന്നുണ്ടെങ്കിലും വൈകീട്ടുവരെ പുഴയിലിറങ്ങി തിരച്ചില്‍ നടത്താന്‍ മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലെന്നാണ് ഈശ്വര്‍ മാല്‍പെയുടെ വിലയിരുത്തല്‍. പൊലീസ് നിര്‍ദേശം വകവയ്ക്കാതെ പുഴയിലിറങ്ങാന്‍ കഴിയില്ലെന്നും ഈശ്വര്‍ മാല്‍പെ  പറഞ്ഞു. എംഎല്‍എ വിളിച്ചിട്ടാണ് താന്‍ ഇവിടെയെത്തിയത്. അധികൃതരുടെ അന്തിമ തീരുമാനത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും ഈശ്വര്‍ മാല്‍പെ അറിയിച്ചു.

മഴ മാറുമ്പോള്‍ തിരച്ചില്‍ പുനരാരംഭിക്കാമെന്നാണ് മാല്‍പെ സംഘം പ്രതീക്ഷിക്കുന്നത്. പുലര്‍ച്ചെയോടെ തന്നെയെത്തി സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി വരികയായിരുന്നു. ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അര്‍ജുന്റെ ബന്ധുക്കളോട് സംസാരിച്ച് സഹായം ഉറപ്പുനല്‍കിയിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225499/pinarayvijayanatarjunshome)