---
title: "പെട്ടിമുടി ദുരന്തത്തിന്റെ ഓർമ്മദിനം അടുത്തിരിക്കെ വയനാട്ടിൽ കണ്ണീർ ഉരുൾ"
english_title: "Pettimudilandslide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225734/pettimudilandslide"
published_at: "2024-08-05T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b08dfef1119_1000016379.jpg"
keywords: []
---

# പെട്ടിമുടി ദുരന്തത്തിന്റെ ഓർമ്മദിനം അടുത്തിരിക്കെ വയനാട്ടിൽ കണ്ണീർ ഉരുൾ

> **Lead Summary:** **മൂന്നാർ : **മലമുകളിൽനിന്ന് പൊട്ടിയൊഴുകിയ ഉരുൾ 2020 ഓഗസ്റ്റ് ആറ് അർധരാത്രിയാണ് പെട്ടിമുടിയെ നാമാവശേഷമാക്കിയത്. അന്ന് കുഞ്ഞുങ്ങളും ഗർഭിണിയും ഉൾപ്പെടെ 70 പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഇതിൽ നാല് പേരുടെ മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തിയ ആ ദുരന്തത്തിന്റെ ഓർമ്മകൾക്ക് നാല് വർഷമാകാൻ ദിവസങ്ങൾമാത്രം ശേഷിക്കവേയാണ് വയനാട് മുണ്ടക്കൈയും ചൂരൽമലയും ദുരന്തഭൂമിയായത്.

## Article Content

**മൂന്നാർ : **മലമുകളിൽനിന്ന് പൊട്ടിയൊഴുകിയ ഉരുൾ 2020 ഓഗസ്റ്റ് ആറ് അർധരാത്രിയാണ് പെട്ടിമുടിയെ നാമാവശേഷമാക്കിയത്. അന്ന് കുഞ്ഞുങ്ങളും ഗർഭിണിയും ഉൾപ്പെടെ 70 പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഇതിൽ നാല് പേരുടെ മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തിയ ആ ദുരന്തത്തിന്റെ ഓർമ്മകൾക്ക് നാല് വർഷമാകാൻ ദിവസങ്ങൾമാത്രം ശേഷിക്കവേയാണ് വയനാട് മുണ്ടക്കൈയും ചൂരൽമലയും ദുരന്തഭൂമിയായത്.

ഈ രണ്ട് ദുരന്തങ്ങൾക്കും സമാനതകളുണ്ട്. രണ്ടും തോട്ടംമേഖലയാണ്. ഒരു പ്രദേശത്തെയാകെ താറുമാറാക്കിയാണ് രണ്ടിടത്തും ഉരുൾപൊട്ടിയത്. കേരളം കണ്ടതിൽ ഏറ്റവും വലിയ ഉരുൾപൊട്ടൽ ആയിരുന്നു പെട്ടിമുടിയിലേത്. എന്നാൽ, ചൂരൽമലയിലും മുണ്ടക്കൈയിലും അതിനേക്കാൾ വ്യാപ്തിയേറിയ ദുരന്തമാണ് ഉണ്ടായിട്ടുള്ളത്. മൂന്നാറിൽ കഴിഞ്ഞ ദിവസം അതിതീവ്രമഴയ്ക്ക് സമാനമായ പേമാരിയാണുപെയ്തത്.

*ദിവസം നീണ്ട രക്ഷാദൗത്യം*

മൂന്നാർ ടൗണിൽനിന്ന് 25 കിലോമീറ്റർ അകലെ രാജമലയ്ക്ക് സമീപമുള്ള കെ.ഡി.എച്ച്.പി. കമ്പനിയുടെ എസ്റ്റേറ്റായിരുന്നു പെട്ടിമുടി. തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ഓഗസ്റ്റ് ആറിന് രാത്രി 11-നുണ്ടായ ഉരുൾപൊട്ടലിൽ നാല് ലയങ്ങൾ ഒലിച്ചുപോയി. 22 കുടുംബങ്ങളിലായി 82 പേരാണ് അതിലുണ്ടായിരുന്നത്. 12 പേർ മാത്രമേ രക്ഷപ്പെട്ടുള്ളൂ. സംഭവസ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള മലമുകളിലാണ് ഉരുൾപൊട്ടിയത്. കുതിച്ചെത്തിയ ഉരുൾ നിമിഷനേരംകൊണ്ട് തൊഴിലാളി ലയങ്ങളെ മണ്ണിനടിയിലാക്കി. ജോലികഴിഞ്ഞ് ക്ഷീണിച്ചെത്തിയ തൊഴിലാളികൾ നേരത്തേ കിടന്നുറങ്ങിയിരുന്നു. അതിനാൽ എന്താണെന്ന് സംഭവിച്ചെതെന്ന് മനസ്സിലാകുംമുൻപ് അവർ മണ്ണിനടിയിലായി. വൈദ്യുതിയും മൊബൈൽ സിഗ്നലും ഇല്ലാതിരുന്നതിനാൽ വളരെ വൈകിയാണ് ദുരന്തം പുറംലോകമറിഞ്ഞത്. 19 ദിവസം നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്.

പല മൃതദേഹങ്ങളും കിലോമീറ്ററുകൾ അകലെ പുഴയിൽനിന്നാണ് കണ്ടെത്തിയത്. ദുരന്തം നടന്ന സ്ഥലത്തുനിന്ന് ഒരുകിലോമീറ്റർ അകലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ആറുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 66 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചിരിക്കുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയാതിരുന്ന നാലുപേർ മരിച്ചെന്ന് സർക്കാർ പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225734/pettimudilandslide)