---
title: "ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായ് രാത്രികാല സിറ്റിംഗ് : തീരം വിടാനൊരുങ്ങിയ ചരക്കുകപ്പലിന്റെ യാത്ര തടഞ്ഞു "
english_title: "The High Court intervened at midnight"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22626/The-High-Court-intervened-at-midnight"
published_at: "2022-01-25T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61efedbd475de_Screenshot_20220125_180117.jpg"
keywords: []
---

# ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായ് രാത്രികാല സിറ്റിംഗ് : തീരം വിടാനൊരുങ്ങിയ ചരക്കുകപ്പലിന്റെ യാത്ര തടഞ്ഞു 

> **Lead Summary:** കൊച്ചി: അര്‍ധരാത്രി ഇടപെട്ട് കേരള ഹൈക്കോടതി. കൊച്ചിയില്‍ നങ്കൂരമിട്ടിരിക്കുന്ന ചരക്കുകപ്പല്‍ എം വി ഓഷ്യന്‍ റോസ് തുറമുഖം വിടുന്നത് ഹൈക്കോടതി തടഞ്ഞു. അര്‍ധരാത്രി അടിയന്തര സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

## Article Content

കൊച്ചി: അര്‍ധരാത്രി ഇടപെട്ട് കേരള ഹൈക്കോടതി. കൊച്ചിയില്‍ നങ്കൂരമിട്ടിരിക്കുന്ന ചരക്കുകപ്പല്‍ എം വി ഓഷ്യന്‍ റോസ് തുറമുഖം വിടുന്നത് ഹൈക്കോടതി തടഞ്ഞു. അര്‍ധരാത്രി അടിയന്തര സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് രാത്രികാല സിറ്റിംഗ് നടത്തുന്നത്. ഇന്ന് പുലര്‍ച്ചെ കപ്പല്‍ തീരം വിടുന്ന സാഹചര്യത്തിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രാത്രി അടിയന്തരമായി കേസ് പരിഗണിച്ചത്. തിങ്കളാഴ്ച രാത്രി 11.30ന് ഓണ്‍ലൈന്‍ സിറ്റിംഗിലൂടെയാണ് കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പല്‍ തുറമുഖം വിടുന്നത് ഹൈക്കോടതി തടഞ്ഞത്.

കപ്പലിലേക്ക് വെള്ളം വിതരണം ചെയ്ത ഇനത്തില്‍ രണ്ടര കോടി രൂപ നല്‍കാനുണ്ടെന്ന് കാണിച്ച് കൊച്ചിയിലെ ഒരു കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കൊച്ചിയിലെ ഗ്രേസ് യാങ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനമാണ് കോടതിയെ സമീപിച്ചത്.

അമ്പലമുകള്‍ എഫ് എ സി ടി യിലേക്ക് സല്‍ഫറുമായി എത്തിയ എം വി ഓഷ്യന്‍ റോസ് എന്ന ചരക്ക് കപ്പല്‍ തുറമുഖം വിടുന്നതാണ് കോടതി അറസ്റ്റ് ഉത്തരവിലൂടെ തടഞ്ഞത്. സ്ഥാപനത്തിന് നല്‍കാനുള്ള തുകയും നിയമനടപടിക്ക് ആവശ്യമായ തുകയും കെട്ടിവെക്കുകയോ ഈ തുകക്ക് ആനുപാതികമായ ഈടോ നല്‍കാതെ കപ്പലിനെ തുറമുഖം വിടാന്‍ അനുവദിക്കരുതെന്ന് കൊച്ചി തുറമുഖ ട്രസ്റ്റിന് കോടതി നിര്‍ദേശം നല്‍കി.

കോടതി നിര്‍ദേശം പതിനഞ്ച് ദിവസത്തിനകം പാലിച്ചില്ലെങ്കില്‍ കപ്പല്‍ ലേലം ചെയ്യാന്‍ ഹര്‍ജിക്കാരന് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. അഭിഭാഷകരും കോടതി ജീവനക്കാരും അടക്കം എല്ലാവരും തങ്ങളുടെ വീടുകളില്‍ ഇരുന്നാണ് കേസില്‍ ഹാജരായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22626/The-High-Court-intervened-at-midnight)