---
title: "കേന്ദ്രത്തിൽനിന്നും ഇതുവരെ അനുകൂല നിലപാട്; ഇനി വേണ്ടത് സമഗ്രമായ പുനരധിവാസ പാക്കേജെന്നും മുഖ്യമന്ത്രി"
english_title: "A positive stand from the Centre so far: the CM said."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226658/a-positive-stand-from-the-centre-so-far-the-cm-said"
published_at: "2024-08-08T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b4c5159b428_wayanad.jpg"
keywords: []
---

# കേന്ദ്രത്തിൽനിന്നും ഇതുവരെ അനുകൂല നിലപാട്; ഇനി വേണ്ടത് സമഗ്രമായ പുനരധിവാസ പാക്കേജെന്നും മുഖ്യമന്ത്രി

> **Lead Summary:**  തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽനിന്ന് അനുകൂല നിലപാടാണ് പൊതുവേയുള്ളത്. ജനങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തണം. കേന്ദ്ര സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 9 അംഗ സംഘത്തെ നിയോഗിച്ചു.

## Article Content

 തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽനിന്ന് അനുകൂല നിലപാടാണ് പൊതുവേയുള്ളത്. ജനങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തണം. കേന്ദ്ര സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 9 അംഗ സംഘത്തെ നിയോഗിച്ചു.

സമഗ്രമായ പുനരധിവാസ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്ച പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനം നടത്തുന്നുണ്ട്. പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത്. ആവശ്യങ്ങളറിയിച്ച് പ്രധാനമന്ത്രിക്ക് സംസ്ഥാനം കത്തു നൽകിയിട്ടുണ്ട്. കേന്ദ്രത്തിന്റെ പിന്തുണയ്ക്ക് നന്ദിയും അറിയിച്ചു. 225 മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 195 ശരീര ഭാഗങ്ങൾ കണ്ടെത്തി. കണ്ടെടുക്കുന്ന ശരീരഭാഗം 90 ശതമാനത്തിന് മുകളിലുണ്ടെങ്കിൽ മൃതദേഹമായി കണക്കാക്കും. ഒരാളുടെ ശരീരഭാഗങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് ലഭിക്കാനിടയുണ്ട്. ഇതെല്ലാം ഇപ്പോൾ തിരിച്ചറിയുന്നത് പ്രയാസമാണ്.

എല്ലാ ശരീരഭാഗങ്ങളുടെയും മൃതദേഹങ്ങളുടെയും ഡിഎൻഎ സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കാണാതായ 131പേരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചു. ശരീരങ്ങളുടെയും ശരീരഭാഗങ്ങളുടെയും 420 പോസ്റ്റുമോർട്ടം നടത്തി. 7 ശരീരഭാഗങ്ങളുടെ ഫൊറൻസിക് പരിശോധന നടത്തി. 178 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226658/a-positive-stand-from-the-centre-so-far-the-cm-said)