അഴീക്കോട്: കായിക മേഖലയിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 1500 ഓളം തൊഴിലുകൾ സൃഷ്ടിച്ചതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. അഴീക്കോട് ഗ്രാമപഞ്ചായത്തിലെ പി വി രവീന്ദ്രൻ സ്മാരക മിനി സ്റ്റേഡിയത്തിന്റെ ആധുനികവത്കരണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാറിന് സാധിച്ചിട്ടുണ്ട്. ഏഷ്യാഡ്, നാഷണൽ ഗെയിംസ്, ഒളിമ്പ്ക്സ് തുടങ്ങിയവയിൽ വിജയിച്ചവർക്ക് തൊഴിൽ നൽകുന്നതിനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് 764 കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകുവാൻ സാധിച്ചിട്ടുണ്ട്.
മറ്റൊരു സംസ്ഥാനത്തും ഇത്തരം നടപടി കാണുവാൻ സാധിക്കില്ലെന്നും മന്തി പറഞ്ഞു. സിലബസിൽ കായികം ഒരു ഭാഗമാക്കുവാൻ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപടികൾ സ്വീകരിച്ചു വരികയാണെന്നും പ്രൈമറി തലത്തിൽ പല ഭാഗങ്ങളിലും അത് നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 124 പഞ്ചായത്തുകളിൽ കളിക്കള നിർമ്മാണത്തിന് ടെൻഡർ വിളിച്ചെന്നും 40 ലധികം പഞ്ചായത്തുകളിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തികൾ ആരംഭിക്കുകയാണെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കേരളം നടത്തിയ കായിക ഉച്ചകോടിയുടെ ഭാഗമായുള്ള നിക്ഷേപകരുടെ സംഗമത്തിൽ വിവിധ കമ്പനികളും അസോസിയേഷനും 5000 കോടി രൂപയാണ് സ്റ്റേഡിയ നിർമ്മാണത്തിനും വിവിധ പദ്ധതികൾക്കുമായി വാഗ്ദാനം ചെയ്തത്. അതിൻ്റെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷൻ ആറ് സ്റ്റേഡിയങ്ങളാണ് നിർമ്മിക്കുന്നത്. ഇതിൽ ആദ്യ സ്റ്റേഡിയം എറണാകുളത്ത് നിർമ്മിക്കും. കേരള ഫുട്ബോൾ അസോസിയേഷൻ ഏകദേശം 800 കോടി രൂപയാണ് കേരളത്തിൽ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കാൻ മാത്രം വാഗ്ദാനം ചെയ്തിട്ടുള്ളത്. അതിൽ ആദ്യത്തെ സ്റ്റേഡിയം മലപ്പുറം ജില്ലയിലെ അരീക്കോട് നിലവിൽ വരുമെന്നും അതിന്റെ സ്ഥലമെടുപ്പ് നടപടികൾ പൂർത്തികരിച്ചതായും മന്ത്രി പറഞ്ഞു. ഇന്ത്യയിലാദ്യമായി സ്പോർട്ട്സ് ഇക്കോണമി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഈ സാമ്പത്തിക വർഷത്തിൽ 2025 ആകുമ്പോഴേക്കും പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ നിസാർ വായിപ്പറമ്പ്, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ റീന, കെ ഗിരീഷ് കുമാർ, കെ കെ മിനി, പി പ്രസീദ, പി പ്രവീൺ, ടി അനീഷ് , കുടുവൻ പത്മനാഭൻ, പി രഘുനാഥ് , ടി എം മോഹനൻ, കെ പി മുഹമ്മദ് ഹാരിസ് , പി വി അരുണാക്ഷൻ, എം പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു.
കെ വി സുമേഷ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും സംസ്ഥാന സർക്കാർ കായിക വകുപ്പ് മുഖേന അനുവദിച്ച 50 ലക്ഷം രൂപയും വിനിയോഗിച്ചാണ് പ്രവൃത്തി നടപ്പിലാക്കുന്നത്. ചടങ്ങിൽ അഴീക്കോട് ഗ്രാമപഞ്ചായത്തംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,72,600 രൂപ മന്ത്രിക്ക് കൈമാറി.
Nearly 1500 jobs in two years