കണ്ണൂര്‍: കാട്ടാനയെ തുരത്താന്‍ പ്രതിരോധത്തിന്റെ 'തേനീച്ചവേലി' യുമായി മാട്ടറ മോഡല്‍.
കര്‍ണാടക വനത്തോട് ചേര്‍ന്നുകിടക്കുന്ന ഉളിക്കല്‍ പഞ്ചായത്തിലെ മാട്ടറയില്‍ 1.2 കിലോമീറ്ററാണ് വനാതിര്‍ത്തി ഉള്ളത്. 150 എക്കറിലായി 30 ഓളം കുടുംബങ്ങളായിരുന്നു മുമ്ബ് ഇവിടെ കൃഷിചെയ്ത് താമസിച്ചിരുന്നത്. എന്നാല്‍, കാട്ടാന അക്രമം തുടര്‍ക്കഥയായതിനെ തുടര്‍ന്ന് തുച്ഛ വിലയ്ക്ക് ഏവരും സ്ഥലമെല്ലാം വിറ്റ് നാടുവിട്ടു. ഇവിടെ ഇപ്പോള്‍ രണ്ട് കുടുംബങ്ങള്‍ മാത്രമാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നത്. ഇവിടെ വനംവകുപ്പ് സൗരോര്‍ജവേലി സ്ഥാപിച്ചിരുന്നെങ്കിലും അത് കാടുപിടിച്ച് നശിച്ചു. കഴിഞ്ഞ വര്‍ഷം വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ വേലി പുനരുദ്ധരിക്കുകയും ജനകീയമായി പണം കണ്ടെത്തി ബാറ്ററി ഉള്‍പ്പെടെ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതൊന്നും ഫലപ്രദമാകാത്തതിനെ തുടര്‍ന്നാണ് വാര്‍ഡ് അംഗം സരുണ്‍ തോമസിന്റെ നേതൃത്വത്തില്‍ കാട്ടാനകളെ തുരത്താന്‍ 'തേനീച്ചവേലി' പദ്ധതി ആവിഷ്കരിച്ചത്. കൃഷയിടങ്ങളിലെത്തുന്ന കാട്ടാനകളെ തുരത്താന്‍ വിദേശരാജ്യങ്ങളിലും കര്‍ണാടകയിലെ കുടക് ജില്ലയിലും ഫലപ്രദമായി പരീക്ഷിച്ചുവിജയിച്ച രീതിയാണ് 'തേനീച്ചവേലി' സംവിധാനം. ആന തുടര്‍ച്ചയായി വന്ന് കൃഷിയിടങ്ങള്‍ നശിപ്പിച്ച വഴികളില്‍ സൗരോര്ജവേലിയോട് ചേര്‍ന്ന് തേനീച്ചപ്പെട്ടികള്‍ മൂന്ന് മീറ്റര്‍ അകലത്തില്‍ സ്ഥാപിക്കുന്ന രീതിയാണ് ഇത്. പൊതുവെ ഇറ്റാലിയന്‍ തേനീച്ചകളെ ആണ് ഇതിനായി ഉപയോഗിക്കുന്നതെങ്കിലും ഇവിടത്തെ കാലാവസ്ഥയോട് യോജിക്കുന്ന നാടന്‍ തേനീച്ചകളെയാണ് പെട്ടിയില്‍ വെച്ചിട്ടുള്ളത്. തേനീച്ചകളുടെ മൂളല്‍ ശബ്ദം ഏറെ ദൂരത്തുനിന്നുതന്നെ കേള്‍ക്കുന്നതിലൂടെ ആനകള്‍ ഭയന്ന് പിന്തിരിയും എന്നതാണ് പ്രത്യേകത. തേനീച്ചകളുടെ ആക്രമണത്തില്‍ ആനകള്‍ക്ക് പിടിച്ചുനില്ക്കാന് കഴിയില്ല. കുടക് പ്രദേശങ്ങളില്‍ മിക്ക പ്രദേശങ്ങളിലും വിജയിക്കപ്പെട്ട പദ്ധതിയാണിത്. ചെറിയ മുതല്‍മുടക്കില്‍ തീര്‍ക്കുന്ന ഈ പ്രതിരോധമാര്‍ഗത്തിലൂടെ ഏക്കര്‍കണക്കിന് കൃഷിഭൂമികള്‍ സംരക്ഷിക്കാന്‍ സാധിക്കും. ആനകള്‍ ഇറങ്ങുന്ന വഴികളിലാണ് ആദ്യഘട്ടത്തില്‍ തേനീച്ചപ്പെട്ടികള്‍ സ്ഥാപിക്കുന്നതെങ്കിലും ഒരുവര്‍ഷംകൊണ്ട് വനാതിര്‍ത്തിയില്‍ പൂര്‍ണമായും ഇവ സ്ഥാപിക്കും. പരീക്ഷണപദ്ധതിയില്‍ 27 പെട്ടികളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിച്ചത്. ഗുണമേന്മയേറിയ തേന്‍ ഉല്പാദിപ്പിക്കുന്നതിനാല് ഈ പ്രതിരോധമാര്‍ഗം ലാഭകരവുമാണ്. പെട്ടികളുടെ എണ്ണം വര്‍ധിക്കുന്നതോടെ ഗുണമേന്മയുള്ള തേന്‍ വിപണിയിലെത്തിക്കുമെന്നും വാര്‍ഡ് അംഗം സരുണ്‍ തോമസ് പറഞ്ഞു. പെട്ടികള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് അംഗം സരുണ്‍ തോമസ്, കര്‍ഷകരായ ജയ് പ്രവീണ്‍ കിഴക്കേതകിടിയേല്‍, വര്‍ഗീസ് ആത്രശ്ശേരി, സെബാസ്റ്റ്യന്‍ തെനംകാലയില്‍, ഇന്നസെന്റ് വടക്കേല്‍, ബിനു കല്ലുകുളങ്ങര, അഭിലാഷ് കാരികൊമ്ബില്, അമല്‍ ജോസഫ്, സി.ഡി. അമല്‍ എന്നിവര്‍ നേതൃത്വം നല്കി. പഞ്ചായത്ത് കര്‍ഷകര്‍ക്കായി സബ്സിഡി നിരക്കിലാണ് തേനീച്ചപ്പെട്ടികള്‍ നല്‍കുന്നത്. വനാതിര്‍ത്തിയിലെ സ്ഥലമുടമകളായ കര്‍ഷകരില്‍നിന്ന് പണം കണ്ടെത്തി രണ്ട് കര്‍ഷകരെ പരിപാലനച്ചുമതല ഏല്പിച്ചാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്.
Honeybee