---
title: "ഭരണഘടനയെ നിഷ്‌ക്രിയമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ആത്മവീര്യത്തോടെ രംഗത്തിറങ്ങുക ; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി"
english_title: "Kadannappalliramachandran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228442/kadannappalliramachandran"
published_at: "2024-08-15T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bdc0bc30a7c_1000018462.jpg"
keywords: []
---

# ഭരണഘടനയെ നിഷ്‌ക്രിയമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ആത്മവീര്യത്തോടെ രംഗത്തിറങ്ങുക ; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

> **Lead Summary:** **കണ്ണൂർ : ** ഭരണഘടനയെ നിഷ്‌ക്രിയമാക്കാനും നിർവീര്യമാക്കാനുമുള്ള ഏത് ശ്രമങ്ങൾക്കും എതിരായി സ്വാതന്ത്ര്യത്തിന്റെ ആത്മവീര്യത്തോടെ രംഗത്തിറങ്ങാനുള്ള ചരിത്രപരമായ ധാർമ്മിക ഉത്തരവാദിത്തത്തിന്റെ ശംഖനാദമാണ് വർത്തമാനകാലം കേട്ടു കൊണ്ടിരിക്കുന്നതെന്ന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

## Article Content

**കണ്ണൂർ : ** ഭരണഘടനയെ നിഷ്‌ക്രിയമാക്കാനും നിർവീര്യമാക്കാനുമുള്ള ഏത് ശ്രമങ്ങൾക്കും എതിരായി സ്വാതന്ത്ര്യത്തിന്റെ ആത്മവീര്യത്തോടെ രംഗത്തിറങ്ങാനുള്ള ചരിത്രപരമായ ധാർമ്മിക ഉത്തരവാദിത്തത്തിന്റെ ശംഖനാദമാണ് വർത്തമാനകാലം കേട്ടു കൊണ്ടിരിക്കുന്നതെന്ന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ രാജ്യത്തിന്റെ78ാം സ്വാതന്ത്ര്യ ദിനാഘോഷചടങ്ങിൽ ദേശീയപതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. ഈ രാജ്യത്ത് പിറന്നുവീണ ഏതുപൗരനും സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനുമുള്ള സാഹചര്യം ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. ഈ മഹാരാജ്യത്തിന്റെ പൗരത്വം ജാതി മത ചിന്തകൾക്ക് വിധേയമായി നിർവചിക്കാൻ ഉള്ളതല്ല. ഈ രാജ്യത്ത് ജീവിക്കുന്ന എല്ലാവർക്കും ജാതിമത ഭേദമെന്യേ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കാൻ കഴിയുന്ന ഉത്കൃഷ്ടമായ സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന. വയനാടിന്റെ പുനഃസൃഷ്ടിക്ക് വേണ്ടി എല്ലാവരും ജാതിമത രാഷ്ടീയ ഭേദമന്യേ ഒരുമിച്ച് രംഗത്ത് ഇറങ്ങുന്നതിന് നാം സാക്ഷ്യം വഹിച്ചതാണ്.

വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഈ അവസരത്തിൽ പ്രണാമം അർപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ ഒഴുകി എത്തുന്നതിന് കാരണം നമ്മുടെ അനർവചനീയമായ സഹോദര സ്‌നേഹവും സമർപ്പണ ബോധവുമാണെന്നും മന്ത്രി പറഞ്ഞു ദേശീയ പതാക ഉയർത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിച്ചു. തുടർന്ന് വർണശബളമായ മാർച്ച് പാസ്റ്റ് നടന്നു. തുടർന്ന് റിവ്യൂ ഓർഡർ മാർച്ച് വിശിഷ്ടാതിഥിക്ക് അഭിവാദ്യം അർപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228442/kadannappalliramachandran)