തിരുവനന്തപുരം: ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കായിരിക്കും ദേശീയ അവാർഡുകൾ പ്രഖ്യാപിക്കുക. എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.
മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, ഋഷബ് ഷെട്ടിയുടെ കാന്താര, കെ.ജി.എഫ്- 2, ബ്രഹ്മാസ്ത്ര, മഹാൻ, പൊന്നിയൻ സെൽവൻ എന്നിവയാണ് പ്രധാനമായും ദേശീയ ചലച്ചിത്ര അക്കാദമിയുടെ പട്ടികയിലുള്ള ചിത്രങ്ങൾ. സംസ്ഥാന പുരസ്കാരങ്ങൾ ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കും. സംസ്ഥാന തലത്തിൽ പത്തോളം സിനിമകളാണ് അന്തിമഘട്ടത്തിൽ ജൂറിയുടെ പരിഗണനയിലുള്ളത്. സിനിമയുടെ വിവിധ മേഖലകളിലായി 36 ഇനങ്ങളിലാണ് അവാർഡ് പ്രഖ്യാപിക്കാൻ ഇരിക്കുന്നത്. വലിയ പ്രേക്ഷക പ്രശംസ നേടിയ ആടുജീവിതവും കാതലുമാണ് ജൂറി പരിഗണനയിലുള്ള പ്രധാന ചിത്രങ്ങൾ. മികച്ച സംവിധായകനുള്ള അവാർഡിന് ബ്ലെസ്സിയും ജിയോ ബേബിയും തമ്മിൽ കടുത്ത മത്സരം എന്ന് വിലയിരുത്തപ്പെടുന്നു. മികച്ച അഭിനേത്രിക്കുള്ള അവാർഡിന് ഒരേ സിനിമയിൽ ഒന്നിച്ച് അഭിനയിച്ച ഉർവശിയും പാർവതിയും പരസ്പരം മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഉള്ളൊഴുക്കിലെ അഭിനയത്തിന് ജൂറി തിരഞ്ഞെടുത്താൽ ഉർവശിക്ക് ഇത്തവണത്തേത് കരിയറിലെ ആറാം പുരസ്കാരമായിരിക്കും. ആടുജീവിതത്തിൽ ഒരുക്കിയ സംഗീത വിസ്മയത്തിന് എ.ആർ റഹ്മാനേയും ജൂറി പുരസ്കാരത്തിന് പരിഗണിക്കുന്നുണ്ട്.
Film award