---
title: "ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചയിലേക്ക് മാറ്റി"
english_title: "Dileep case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22881/dileep-case"
published_at: "2022-01-27T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f2378c12916_n35370787416432639730579d9f699ae7b507e02b3d09126be3cf8f42fb423f77fe6d15789bd07af054bfaf.jpg"
keywords: []
---

# ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചയിലേക്ക് മാറ്റി

> **Lead Summary:** നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചയിലേക്ക് മാറ്റി.

## Article Content

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചയിലേക്ക് മാറ്റി.

അതുവരെ കേസില്‍ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ക്രൈംബ്രാഞ്ച് ആണ് കേസ് എടുത്തിട്ടുള്ളത്. കേസില്‍ ദിലിപിന്റെയും കൂട്ടുപ്രതികളായ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ഡ്രൈവര്‍ അപ്പു എന്നിവരുടെ അറസ്റ്റ് ആണ് അതുവരെ തടഞ്ഞിട്ടുള്ളത്. അതേസമയം കേസില്‍ കഴിഞ്ഞ മൂന്ന് ദിവസവും ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. 33 മണിക്കൂര്‍ ചോദ്യം ചെയ്തതിന്റെ വിശദവിവരങ്ങള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കും. ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെടും. സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്ത ദിലീപിന്റെയും കൂട്ടരുടെയും സംഭാഷണം റാഫി, അരുണ്‍ ഗോപി എന്നിവരെ കേള്‍പ്പിച്ചു. ശബ്ദ സാമ്ബിള്‍ ശാസ്ത്രീയപരിശോധനയ്ക്ക് അയക്കുന്നതിന്റെ ഭാഗമാണിതെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ പറഞ്ഞു. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് എന്നിവരെ പ്രത്യേകം ചോദ്യം ചെയ്തു. സാക്ഷികളെ സ്വാധീനിക്കാന്‍ ഇരുവരും ഇടപെട്ടുവെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. പണമായും കായികമായും ഇടപെട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തിയതിന്റെ സ്ഥിരീകരണത്തിനാണ് ചോദ്യം ചെയ്തത്. സുരാജിന്റെ വരുമാനസ്രോതസ്സും ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി സംവിധായകരായ റാഫി, അരുണ്‍ ഗോപി, ദിലീപിന്റെ നിര്‍മാണ കമ്ബനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ മാനേജര്‍, മറ്റ് രണ്ട് ജീവനക്കാര്‍ എന്നിവരെ അന്വേഷകസംഘം ക്രൈംബ്രാഞ്ച് ഓഫീസില്‍ വരുത്തി മൊഴിയെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22881/dileep-case)