---
title: "ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: തുടർ നടപടിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി "
english_title: "Hema Committee Report: HC Seeks Govt's Explanation "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230318/hema-committee-report-hc-seeks-govts-explanation"
published_at: "2024-08-22T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c735a507178_hc.jpg"
keywords: []
---

# ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: തുടർ നടപടിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി 

> **Lead Summary:** കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തുടർ നടപടിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. വിഷയത്തില്‍ നേരിട്ട് അന്വേഷണം സാധ്യമാണോയെന്ന് സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണത്തിന് പരാതിയുമായി ഇരകൾ മുന്നോട്ടുവരേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

## Article Content

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തുടർ നടപടിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. വിഷയത്തില്‍ നേരിട്ട് അന്വേഷണം സാധ്യമാണോയെന്ന് സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണത്തിന് പരാതിയുമായി ഇരകൾ മുന്നോട്ടുവരേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഹേമ കമ്മിറ്റിയിലെ വിഷയങ്ങൾ സമൂഹത്തെ ബാധിക്കുന്നതെന്നും, റിപ്പോർട്ടിലുള്ളത് ഗൗരവതരമായ കാര്യങ്ങളെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. ഇരകളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും അടക്കം പൂർണ്ണ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

റിപ്പോർട്ടിലെ ഉള്ളടക്കത്തിൽ സ്വകാര്യത ഉറപ്പാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങളെന്ന് കോടതി നിരീക്ഷിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങൾ ഉണ്ടോയെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. മൊഴി തന്നവരുടെ പേര് വിവരങ്ങൾ സർക്കാരിന്‍റെ പക്കലുണ്ടോയെന്ന് ചോദ്യത്തിന് കോൺഫിഡൻഷ്യൽ ആണെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. മൊഴി നൽകിയവർക്ക് നേരിട്ട് മുൻപിൻ വരാൻ താൽപര്യം ഉണ്ടോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സിനിമയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോ‍ർട്ട് നൽകാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230318/hema-committee-report-hc-seeks-govts-explanation)