---
title: "ഒമിക്രോൺവ്യാപനം: ജാഗ്രത കൈവിടരുത്-മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ"
english_title: "M v govindan minister at kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23202/m-v-govindan-minister-at-kannur"
published_at: "2022-01-29T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f4a32ea73bc_images - 2022-01-29T074500.558.jpeg"
keywords: []
---

# ഒമിക്രോൺവ്യാപനം: ജാഗ്രത കൈവിടരുത്-മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ

> **Lead Summary:** ഒമിക്രോണിനെ നിസ്സാരമായി കാണരുതെന്നും ജാഗ്രത്തായിരിക്കണമെന്നും തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കലക്ടറേറ്റിൽ കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമിക്രോൺ വലിയ പ്രശ്നമില്ലെന്ന ഉദാസീന സമീപനം ജനങ്ങളിൽ വളർന്നുവരുന്നുണ്ട്. ഇത് വലിയ അപകടം ചെയ്യും. ജില്ലയെ സുരക്ഷിതമാക്കാൻ തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ജനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒന്നാം തരംഗ കാലത്ത് കാട്ടിയ പോലുള്ള ജാഗ്രത മൂന്നാം തരംഗത്തിലും കാണിക്കണമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ നടക്കാനിരിക്കുന്ന ഉത്സവങ്ങളുടെ നടത്തിപ്പ്, ജനപങ്കാളിത്തം എന്നിവ സംബന്ധിച്ച് അതത് കമ്മിറ്റി ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്ത് പൊലീസ് തലത്തിൽ ധാരണയാക്കണം. മുൻ അനുഭവങ്ങളെ കൂടി മുൻനിർത്തിയാവണം ഇക്കാര്യങ്ങൾ നടപ്പിലാക്കേണ്ടത്. ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ ശ്രദ്ധിക്കണം-മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടലിന് നിർദേശം നൽകിയതായി സിറ്റി പൊലീസ് കമ്മീഷണർ യോഗത്തിൽ അറിയിച്ചു

## Article Content

ഒമിക്രോണിനെ നിസ്സാരമായി കാണരുതെന്നും ജാഗ്രത്തായിരിക്കണമെന്നും തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കലക്ടറേറ്റിൽ കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമിക്രോൺ വലിയ പ്രശ്നമില്ലെന്ന ഉദാസീന സമീപനം ജനങ്ങളിൽ വളർന്നുവരുന്നുണ്ട്. ഇത് വലിയ അപകടം ചെയ്യും. ജില്ലയെ സുരക്ഷിതമാക്കാൻ തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ജനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒന്നാം തരംഗ കാലത്ത് കാട്ടിയ പോലുള്ള ജാഗ്രത മൂന്നാം തരംഗത്തിലും കാണിക്കണമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ നടക്കാനിരിക്കുന്ന ഉത്സവങ്ങളുടെ നടത്തിപ്പ്, ജനപങ്കാളിത്തം എന്നിവ സംബന്ധിച്ച് അതത് കമ്മിറ്റി ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്ത് പൊലീസ് തലത്തിൽ ധാരണയാക്കണം. മുൻ അനുഭവങ്ങളെ കൂടി മുൻനിർത്തിയാവണം ഇക്കാര്യങ്ങൾ നടപ്പിലാക്കേണ്ടത്. ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ ശ്രദ്ധിക്കണം-മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടലിന് നിർദേശം നൽകിയതായി സിറ്റി പൊലീസ് കമ്മീഷണർ യോഗത്തിൽ അറിയിച്ചു

കൊവിഡ് വ്യാപനം ഏറുന്ന പശ്ചാത്തലത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, തളിപ്പറമ്പ് സിഎസ്എൽടിസിയിലും എന്നിവിടങ്ങളിൽ ഐ സി യു കിടക്കകളുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രി നിർദേശം നൽകി. സാധാരണ കൊവിഡ് കിടക്കകളുടെ എണ്ണവും വർധിപ്പിക്കും. ജില്ലക്ക് കൂടുതലായി അനുവദിച്ച ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ഉപയോഗപ്പെടുത്തി ഇതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യണം. 57 ഡോക്ടർമാരടക്കം 328 പേരെയാണ് കൂടുതലായി ജില്ലക്ക് അനുവദിച്ചത്. പേരാവൂർ സിഎഫ്എൽടിസിയുടെ പ്രവർത്തനവും ആരംഭിക്കും.

ജില്ലയിൽ നിലവിൽ ആശങ്കാജനകമായ സ്ഥിതിയില്ലെന്ന് ഡിഎംഒ യോഗത്തെ അറിയിച്ചു. സ്വകാര്യ ആശുപത്രികൾ 30 ശതമാനം കിടക്ക കൊവിഡ് രോഗികൾക്കായി മാറ്റിവെക്കണമെന്ന നിർദേശം പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നു. ഇത് കർശനമായി പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൊവിഡ് പോസിറ്റീവ് ആകുന്ന ഗർഭിണികളെ സർക്കാർ ആശുപത്രികളിലേക്ക് അയക്കുന്ന സമീപനം സ്വകാര്യ ആശുപത്രികൾ സ്വീകരിക്കുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ല. അത്തരമാളുകളെ അതത് ആശുപത്രികളിൽ തന്നെ ചികിത്സിക്കാൻ സൗകര്യം ഒരുക്കണം.

ജില്ലാ കൺട്രോൾ സെൽ വഴി മാത്രമേ കൊവിഡ് രോഗികളെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാവൂ. നേരിട്ടയക്കുന്ന രീതി സ്വകാര്യ ആശുപത്രികൾ അവസാനിപ്പിക്കണം. ഡയാലിസിസ് വേണ്ട കൊവിഡ് രോഗികൾക്ക് ആശുപത്രികളിൽ സൗകര്യം ഏർപ്പെടുത്തണമെന്നും യോഗം നിർദ്ദേശം നൽകി. എടക്കാട് ഡയാലിസിസ് സെന്റർ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ഡിഎംഒ യോഗത്തെ അറിയിച്ചു.

ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം എൽ എ മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ കെ ശൈലജ ടീച്ചർ, കെ.പി. മോഹനൻ, അഡ്വ. സജീവ് ജോസഫ്, അഡ്വ. സണ്ണി ജോസഫ്, കെ വി സുമേഷ്, മേയർ ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ, സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ, എഡിഎം കെ. കെ. ദിവാകരൻ, തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു,

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23202/m-v-govindan-minister-at-kannur)